swayamvara
pulimoottil

ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്രോച്ച് ജനത പാർട്ടി; 22.4 മില്യൺ ഫോളോവേഴ്സുണ്ടെന്ന് അഭിജീത് ദിപ്കേ

ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്രോച്ച് ജനത പാർട്ടി; 22.4 മില്യൺ ഫോളോവേഴ്സുണ്ടെന്ന് അഭിജീത് ദിപ്കേ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാർട്ടി’യുടെ (സി.ജെ.പി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി സ്ഥാപകൻ അഭിജീത് ദിപ്കെ. നിലവിൽ 22.4 മില്യൺ ഫോളോവേഴ്സ് അക്കൗണ്ടിലുണ്ടെന്ന് ദിപ്കെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തുടർന്ന് അപ്രത്യക്ഷമായതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം ഐ.ടി മന്ത്രാലയം ഇടപെട്ടാണ് അക്കൗണ്ട് പൂട്ടിച്ചതെന്ന് ദിപ്കെ പറഞ്ഞിരുന്നു. തുടർന്ന് ഞായറാഴ്ച അക്കൗണ്ട് റീ ആക്ടീവ് ആയതായും തിരിച്ചുപിടിച്ചെന്നും സി.ജെ.പി സ്ഥാപകൻ സ്ഥിരീകരിച്ചു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളെ ആകർഷിച്ച രാഷ്ട്രീയ മുന്നേറ്റമായിരുന്നു സിജെപി. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉന്നയിച്ചുള്ള ഈ കൂട്ടായ്മയുടെ വെബ്സൈറ്റിൽ ഇതിനകം തന്നെ പത്തു ലക്ഷത്തിലധികം പേരാണ് അംഗങ്ങളായി രജിസ്റ്റർ ചെയ്തിരുന്നത്. യുവാക്കളുടെ വലിയ പങ്കാളിത്തത്തോടെ ഡിജിറ്റൽ ലോകത്ത് വലിയൊരു പ്രസ്ഥാനമായി വളരുന്നതിനിടയിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നടപടിയുണ്ടായിരിക്കുന്നത്.രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെ ഐടി മന്ത്രാലയം വിലക്കേർപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ, സർക്കാരിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഡിജിറ്റൽ ഇടങ്ങളിലെ തങ്ങളുടെ സാന്നിധ്യം ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായ ഓൺലൈൻ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അഭിജിത് ദിപ്കെ മുന്നറിയിപ്പ് നൽകി

Share Email
Top