മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വമ്പൻ വിജയത്തിന്റെ തിളക്കം കുറച്ചെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അധികാരത്തിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നത് ഗുണകരമല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ ഉടൻ തന്നെ അനുകൂല തീരുമാനമുണ്ടാകുമെന്നും ‘വെളുത്ത പുക’ ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, നേതാക്കളുടെ അഭിപ്രായം തേടിയ ശേഷം രാഹുൽ ഗാന്ധി തന്നെ അന്തിമ തീരുമാനമെടുക്കുമെന്നാണ് എഐസിസി വൃത്തങ്ങൾ നൽകുന്ന സൂചന.
മുഖ്യമന്ത്രി പദത്തിനായി ഹൈക്കമാൻഡിൽ ചർച്ചകൾ സജീവമാണെങ്കിലും സോണിയ ഗാന്ധിയോ എ.കെ. ആന്റണിയോ ഇതുവരെ ആരുടെയും പേര് നിർദ്ദേശിച്ചിട്ടില്ല. എംഎൽഎമാരുടെ ഭൂരിപക്ഷം പരിഗണിക്കണമെന്ന നിലപാടിൽ കെ.സി. വേണുഗോപാൽ പക്ഷം ഉറച്ചുനിൽക്കുകയാണ്. 50-ലേറെ എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനുണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും പിന്തുണ നൽകുന്നവരുടെ എണ്ണം ഒറ്റയക്കത്തിലൊതുങ്ങുന്നത് കെസിക്ക് മുൻതൂക്കം നൽകുന്നു.
മല്ലികാർജുൻ ഖർഗെയും പ്രിയങ്ക ഗാന്ധിയുമായും രാഹുൽ ഗാന്ധി ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടും സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും പ്രിയങ്ക രാഹുലിനെ ധരിപ്പിച്ചു. ഹൈക്കമാൻഡുമായുള്ള വ്യക്തിപരമായ അടുപ്പം കണക്കിലെടുത്ത് സോണിയ ഗാന്ധി തന്നെ അന്തിമ തീരുമാനമെടുക്കണമെന്നാണ് ഖർഗെയുടെ നിലപാട്. ബുധനാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.















