എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: നിരവധി അംഗസംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍ 2026-നുള്ള ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ മെയ് 31 വരെ നീട്ടിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ എപ്രില്‍ 30-ന് അവസാനിച്ച സാഹചര്യത്തില്‍ വിവിധ റീജിയനുകളില്‍ ആവേശകരമായ കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ നടക്കുന്നതിനാലും ഡെലിഗേറ്റ്‌സ് ലിസ്റ്റ് പബ്‌ളീഷ് ചെയ്യാത്തതിനാലും അംഗസംഘടനകള്‍ക്ക് പുറമെ ആര്‍.വി.പി മാരുടെയും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരുടെയും താത്പര്യാര്‍ത്ഥമാണ് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ മെയ് 31 വരെ നീട്ടാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരുമാനിച്ചതെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.
ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് ഇതുവരെ ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഇത് ഫോമായെ ജനങ്ങള്‍ നെഞ്ചേറ്റുന്നതിന്റെ തെളിവാണെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയമായ ‘വിന്‍ധം ഹൂസ്റ്റണി’ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകര്‍.
ഫോമായുടെ ആദ്യ പ്രസിഡന്റ് ശശിധരന്‍ നായര്‍, പിന്നീട് സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ച ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തില്‍, അനിയന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ് എന്നിവരെല്ലാം 9-ാം കണ്‍വന്‍ഷന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാമിലി കണ്‍വന്‍ഷന്‍ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സുബിന്‍ കുമാരന്‍ ആണ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍.
ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്: https://fomaafamilyconvention2026.com/Registration.php
FOMAA national convention 2026 early bird registration extended to May 31st















