വാഷിംഗ്ടൺ: ഇറാൻ സംഘർഷത്തിനിടെ കുവൈറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കുടുംബങ്ങൾ പെന്റഗണിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി മാർച്ച് ഒന്നിന് കുവൈറ്റിലെ പോർട്ട് ഷുവൈബയിലെ കമാൻഡ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് യു.എസ് ആർമി റിസർവ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ നേരിടുന്നതിൽ സൈന്യത്തിനുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുമുള്ള തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അന്വേഷണ റിപ്പോർട്ടിന് സാധിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.
ഔദ്യോഗിക റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങൾക്കായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് പ്രസിദ്ധീകരിക്കുമെന്ന് പെന്റഗൺ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യു.എസ് ആർമി സെൻട്രൽ ഡെപ്യൂട്ടി കമാൻഡർ ബ്രിഗേഡിയർ ജനറൽ പീറ്റർ ഗ്ലാസിന്റെ നേതൃത്വത്തിൽ കുറഞ്ഞത് മൂന്ന് സൈനികരുടെ കുടുംബങ്ങളെ നേരിട്ട് കണ്ട് അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദീകരിച്ചിരുന്നു. എന്നാൽ മൂന്ന് മണിക്കൂറോളം നീണ്ട വിശദീകരണത്തിന് ശേഷവും തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും, റിപ്പോർട്ട് നിരാശാജനകമാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ ഡ്രോൺ ഭീഷണിയെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നിട്ടും സൈനിക കമാൻഡർമാർ അത് അവഗണിച്ചതായി സി.ബി.എസ് ന്യൂസിന്റെ എട്ട് മാസം നീണ്ട അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇറാന്റെ പ്രധാന ആയുധമായ ചാവേർ ഡ്രോണുകളെ പ്രതിരോധിക്കാൻ തക്ക സുരക്ഷാ സംവിധാനങ്ങളൊന്നും കമാൻഡ് പോസ്റ്റിൽ ഒരുക്കിയിരുന്നില്ലെന്ന് ദൃക്സാക്ഷികളും വ്യക്തമാക്കിയിരുന്നു. പ്രദേശം ഇറാന്റെ ആക്രമണ പട്ടികയിലുണ്ടെന്ന് യുദ്ധത്തിന് മുൻപേ യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, മതിയായ ചികിത്സാ സൗകര്യങ്ങളോ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതികളോ അവിടെ ഉണ്ടായിരുന്നില്ലെന്നും സൈനികർ ആരോപിച്ചിരുന്നു. ഈ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് പുതിയ റിപ്പോർട്ടിൽ കാര്യമായ പരാമർശങ്ങളൊന്നുമില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യു.എസ് സൈനികൻ മേജർ സ്റ്റീഫൻ റാംസ്ബോട്ടം കഴിഞ്ഞ ദിവസം കോൺഗ്രസിന് നൽകിയ വിസിൽബ്ലോവർ പരാതിയിലും ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡ്രോൺ ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിന് യൂണിറ്റ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ക്ലിന്റ് ബാർൺസ്, ലോജിസ്റ്റിക്സ് മേധാവി മേജർ ജനറൽ ജോൺ ഹിൻസൺ എന്നിവർക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിക്കുന്നതിന് മുൻപ് മറ്റ് ഭൂരിഭാഗം സൈനികരെയും കുവൈറ്റിൽ നിന്ന് മാറ്റിയിട്ടും, ഈ യൂണിറ്റിനെ എന്തിനാണ് പോർട്ട് ഷുവൈബയിലേക്ക് മാറ്റിയതെന്ന കുടുംബാംഗങ്ങളുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട മാസ്റ്റർ സർജന്റ് നിക്കോൾ അമോറിന്റെ ഭർത്താവ് ജോയി അമോർ, കൃത്യമായ രക്ഷാപ്രവർത്തന പദ്ധതി ഉണ്ടായിരുന്നെങ്കിൽ തന്റെ ഭാര്യ രക്ഷപ്പെടുമായിരുന്നുവെന്ന് വിശ്വസിക്കുന്നതായി പറഞ്ഞു. എന്നാൽ പരിക്കുകൾ അതീവ ഗുരുതരമായിരുന്നതിനാൽ ഏത് ചികിത്സാ സൗകര്യമുണ്ടായിരുന്നാലും അവരെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് പറഞ്ഞത്. ജൂണിൽ തന്നെ അന്വേഷണം പൂർത്തിയായിട്ടും, കണ്ടെത്തലുകൾ കുടുംബങ്ങളുമായി പങ്കുവെക്കാൻ നവംബർ പകുതി വരെ കാത്തിരുന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
















