സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ-ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിലേക്ക് കയറാൻ നിന്ന യാത്രക്കാരെ മുഖംമൂടി ധരിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ബലമായി പിടികൂടി അറസ്റ്റ് ചെയ്തത് വൻ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കി. ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാനിരുന്ന അലാസ്ക എയർലൈൻസിന്റെ 1306-ാം നമ്പർ വിമാനത്തിന്റെ ജെറ്റ് ബ്രിഡ്ജിലാണ് യാത്രക്കാരെയും ജീവനക്കാരെയും ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. സംഭവത്തെത്തുടർന്ന് വിമാനം വൈകിയാണ് പുറപ്പെട്ടത്.
വിമാനത്തിൽ കയറാനായി വരിനിന്നിരുന്ന യാത്രക്കാർക്ക് ഇടയിലൂടെ എത്തിയ മുഖംമൂടി ധരിച്ച യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഒരാളെ നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്റെ മകൾക്ക് വർക്ക് പെർമിറ്റ് ഉണ്ടെന്നും അവളെ കൊണ്ടുപോകരുതെന്നും പറഞ്ഞ് ഒരു സ്ത്രീ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ മെക്സിക്കൻ പൗരനായ റിക്കാർഡോ ലാറോണ്ടോ മെൻഡോസയെ ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് അറിയിച്ചു.
അറസ്റ്റിനിടെ ഒപ്പമുണ്ടായിരുന്ന സോഫിയ ഹെർണാണ്ടസ് മെജിയ എന്ന യാത്രക്കാരി ഉദ്യോഗസ്ഥർക്ക് നേരെ ചൂടുള്ള കാപ്പി ഒഴിച്ചതായും, വിസ കാലാവധി കഴിഞ്ഞ ഇവരെയും പിന്നീട് അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസെടുക്കും. അറസ്റ്റിലായ ഇരുവരും അച്ഛനും മകളുമാണെന്ന് ഡി.എച്ച്.എസ് വൃത്തങ്ങൾ സി.ബി.എസ് ന്യൂസിനോട് സ്ഥിരീകരിച്ചു.
താങ്ക്സ്ഗിവിംഗ് അവധിക്കാല തിരക്കിനിടെ മുൻകൂർ അറിയിപ്പൊന്നും നൽകാതെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അലാസ്ക എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഇത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും, നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സിയാറ്റിൽ തുറമുഖ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും എയർലൈൻസ് വ്യക്തമാക്കി.
മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ സ്വയം പരിചയപ്പെടുത്താതെ യാത്രക്കാരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് തികച്ചും അമേരിക്കൻ വിരുദ്ധമായ തന്ത്രമാണെന്നും, ഐ.സി.ഇ പൂർണ്ണമായും നിയന്ത്രണം വിട്ട നിലയിലാണെന്നും വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യൻ വംശജയായ യു.എസ് ജനപ്രതിനിധി പ്രമീള ജയപാൽ, ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അറിയിച്ചു.
അമേരിക്കൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം അറസ്റ്റുകൾ വ്യാപകമാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച വാഷിംഗ്ടൺ ഡി.സിയിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ നിന്ന് പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ ചൈനീസ് വിദ്യാർത്ഥിനിയെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 4,91,000 പേരെ ഐ.സി.ഇ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, കുടിയേറ്റക്കാർക്കെതിരായ ഈ കർശന നടപടികൾ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഒരു അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. നല്ല ജോലിയുള്ളവരെയും നികുതി അടയ്ക്കുന്നവരെയും നാടുകടത്തുന്നത് അല്പം കടുത്തുപോയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
















