ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ ഭീഷണി: ചൂട് 43.4 ഡിഗ്രി കവിഞ്ഞു

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ ഭീഷണി: ചൂട് 43.4 ഡിഗ്രി കവിഞ്ഞു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിരൂക്ഷമായ ചൂട് അനുഭവപ്പെട്ടു. ഉത്തരേന്ത്യയില്‍ വേനല്‍ച്ചൂട് കനത്തതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ഡല്‍ഹി സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ തിങ്കളാഴ്ച 43.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മെയ് മാസത്തെ ദിവസമായി ഇത് മാറി. നഗരത്തിന്റെ പല ഭാഗങ്ങളിലും താപനില 44 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തുനില്‍ക്കുകയാണ്.

ഇന്നും സമാനമായ രീതിയില്‍ കടുത്ത ചൂട് തുടരുമെന്നും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും ഉടനീളം അനുഭവപ്പെടുന്ന ഈ കടുത്ത ചൂട് ഈ ആഴ്ചയിലുടനീളം തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയും ഇതിന്റെ ഫലമായി ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഡല്‍ഹിയുടെ ബേസ് സ്റ്റേഷനായ സഫ്ദര്‍ജംഗില്‍ 43.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍, റിഡ്ജ് സ്റ്റേഷനിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത്; 44.6 ഡിഗ്രി സെല്‍ഷ്യസ്. ലോധി റോഡില്‍ സാധാരണ നിരക്കിനേക്കാള്‍ അഞ്ച് ഡിഗ്രിയോളം ഉയര്‍ന്ന് 43.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

Heat wave threatens North India: Temperatures exceed 43.4 degrees

Share Email
Top