ദുബായ്: ഇന്ത്യയിൽ യുഎഇയും തമ്മിൽ തന്ത്ര പ്രധാനമായ കരാറിലേക്ക്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തെ തുടർന്നാണ് ഇത്തരം ഒരു കരാർ നടപ്പാക്കുന്നത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയുടെ പെട്രോളിയം സംഭരണിയിൽ 30 മില്യൺ ബാരൽ അസംസ്‌കൃത എണ്ണ സംഭരിക്കാൻ യുഎഇ ധാരണയായി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കവും തടസ്സമില്ലാത്ത നാവിക ഗതാഗതവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും അബുദാബി നാഷണൽ ഓയിൽ കമ്പനിയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണ കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ എണ്ണ സംഭരണികളിൽ യുഎഇയുടെ പങ്കാളിത്തം 30 മില്യൺ ബാരലായി ഉയർത്താൻ ഈ കരാർ സഹായിക്കും. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ കാരണം ആഗോള എണ്ണ വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ, ഈ നീക്കം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ കൂടുതൽ ശക്തമാക്കും.
ഇതിനുപുറമെ, ഇന്ത്യയിൽ തന്ത്രപ്രധാന മായ ഗ്യാസ് സംഭരണികൾ സ്ഥാപിക്കു ന്നതിനായി ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അഡ്‌നോക്കും തമ്മിലുള്ള ദീർഘകാല എൽപിജി) വിതരണത്തിനായുള്ള പ്രത്യേക കരാറിനെയും ഇരുപക്ഷവും സ്വാഗതം ചെയ്തു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ യുഎഇ വളരെ പ്രധാനപ്പെട്ട പങ്കാളിയാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, അസംസ്‌കൃത എണ്ണ, എൽഎൻജി, എൽപിജി വിതരണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഊർജ്ജ പങ്കാളിത്തത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും കൂട്ടിച്ചേർത്തു.
India and UAE sign strategic energy deal: Implementation of agreement follows PM’s visit















