വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ച മുന്‍ കോളമിസ്റ്റ് ജീന്‍ കാരളിനെതിരേ അനേഷണം പ്രഖ്യാപിച്ചു. കാരളിനെതിരെ അമേരിക്കന്‍ നീതിന്യായ വകുപ്പ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
പുതിയ അന്വേഷണം കാരള്‍ ട്രംപിനെതിരെ നല്‍കിയ രണ്ട് സിവില്‍ കേസുകളിലും കോടതിയില്‍ കള്ളസാക്ഷ്യം നല്‍കിയോയെന്ന കാര്യത്തിലാണെന്നു സിഎന്‍എന്നും ദി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. ആദ്യ കേസ് 1996-ല്‍ ന്യൂയോര്‍ക്കിലെ ഒരു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കാരള്‍ ആരോപിച്ചത്.
മറ്റൊന്ന് ട്രംപ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ കാരള്‍ നല്‍കിയ പരാതിയില്‍കാരള്‍ ”തന്റെ ഇഷ്ടതരം സ്ത്രീയല്ല” എന്നും പുസ്തകവില്‍പ്പന വര്‍ധിപ്പിക്കാനാണ് ആരോപണം കെട്ടിച്ചമച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ട്രംപ് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ട്രംപ് നിയമിച്ച ഫെഡറല്‍ പ്രോസിക്യൂട്ടറായ ആന്‍ഡ്രൂ എസ്. ബൂട്രോസ് ആണ് അന്വേഷണം ആരംഭിച്ചതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിരോധികള്‍ക്കെതിരെ നീതിന്യായ വകുപ്പിനെ ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ ഏജന്‍സിയുടെ പരമ്പരാഗത സ്വാതന്ത്ര്യം തകര്‍ത്തുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Investigation announced into Jean Carroll, who made sexual assault allegations against Trump















