സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) പേരിൽ ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം. ‘കോക്രോച്ച് ജനത പാർട്ടി കർണാടക’ എന്ന സോഷ്യൽ മീഡിയ പേജ് വഴിയാണ് മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്ത് പ്രതിഷേധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ ആഹ്വാനം നൽകിയിരിക്കുന്നത്. എന്നാൽ, ഇതിനെതിരെ കർശന മുന്നറിയിപ്പുമായി കർണാടക പോലീസ് രംഗത്തെത്തി.
നിയമവിരുദ്ധമായ ഈ കൂട്ടായ്മയിൽ പൊതുജനങ്ങൾ ആരും തന്നെ പങ്കെടുക്കരുതെന്ന് കർണാടക പോലീസ് ഔദ്യോഗികമായി അറിയിച്ചു. വിലക്ക് ലംഘിച്ച് ചടങ്ങിൽ പങ്കെടുക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. കൂടാതെ, മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്യുന്ന സിജെപി കർണാടകയുടെ ഈ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ആരും പങ്കുവയ്ക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ബെംഗളൂരു നഗരത്തിലെ പ്രതിഷേധങ്ങൾക്ക് നിലവിൽ കർശനമായ നിയന്ത്രണങ്ങളുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശമുള്ളതിനാൽ നഗരത്തിൽ ഫ്രീഡം പാർക്കിൽ മാത്രമേ ഏതൊരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്നും, ടൗൺഹാൾ പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. സിജെപിയുടെ അക്കൗണ്ടുകൾക്ക് നേരെയുള്ള ഭീഷണികൾക്ക് പിന്നാലെ കർണാടകയിലുംe പാർട്ടിക്ക് നേരെ പോലീസ് നിയന്ത്രണങ്ങൾ കടുക്കുകയാണ്.















