എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞു

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞു
Share Email

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവിട്ടു. 99.07 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ആകെ 4,14,290 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും തന്നെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 3,059 സ്കൂളുകളിലായി നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയം 72 ക്യാമ്പുകളിലായാണ് പൂർത്തിയാക്കിയത്. ഡിജി ലോക്കർ വഴിയും വാട്സാപ്പ് സനദേശത്തിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. പൊതുവിദ്യാഭ്യാസ പ്രിസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് ഫല പ്രഖ്യാപനം നടത്തിയത്.

ഇത്തവണ 30,514 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 61,449 ആയിരുന്നു. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലുണ്ടായ ഈ വലിയ കുറവ് പുതിയ സിലബസും ചോദ്യപേപ്പർ പാറ്റേണിലെ മാറ്റവും കാരണമാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിജയശതമാനത്തിൽ ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ (99.22%). 20,771 പെൺകുട്ടികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ 9,743 ആൺകുട്ടികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.

റവന്യൂ ജില്ലകളിൽ പത്തനംതിട്ടയും വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിജയവുമായി കുട്ടനാടും മുന്നിലെത്തി. കൊല്ലം ജില്ലയിലെ 11.6 ശതമാനം വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഗൾഫ് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 631 കുട്ടികളും വിജയിച്ചു. ലക്ഷദ്വീപിൽ 97.67 ശതമാനമാണ് വിജയം. പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 251 പേരിൽ 189 പേർ വിജയിച്ചു (75.3%).

പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ മെയ് 16 മുതൽ 21 വരെ സമർപ്പിക്കാം. പരീക്ഷയിൽ പരാജയപ്പെട്ടവർക്കുള്ള സേ (SAY) പരീക്ഷ ജൂൺ ആദ്യവാരം നടക്കും. ജൂൺ അവസാനത്തോടെ സേ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതായും തുടർപഠനത്തിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Share Email
Top