ചെറിയാന്‍ മഠത്തിലേത്ത്
ഹൂസ്റ്റണ്‍: അമേരിക്ക ഉത്സവങ്ങളിലൂടെ ജീവിക്കുന്ന രാജ്യമാണ്. ഈ ആഘോഷങ്ങളുടെ പിന്നിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യവും മൂല്യങ്ങളും ഈ നാട്ടില്‍ ജീവിക്കുന്ന നമ്മള്‍ കാണേണ്ടതുണ്ട്. അതിനാല്‍ സ്വാഭാവികമായും ഇവ നമ്മുടെ നിരന്തരമായ എഴുത്തുകളുടെയും സജീവമായ ചര്‍ച്ചകളുടെയും ഭാഗമാകുന്നു. തന്‍മൂലം ഈ ആഘോഷങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. അതിനുമപ്പുറം പ്രകൃതിയില്‍ ഉണ്ടാകുന്ന നിരവധി സ്വാഭാവിക മാറ്റങ്ങളും പ്രതിഭാസങ്ങളും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചില വ്യക്തികള്‍ നമ്മുടെ യോഗങ്ങളില്‍ താല്‍പര്യം കാണിക്കുന്നതായി അറിയുന്നതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ അവര്‍ നമ്മുടെ റിപ്പോര്‍ട്ടുകളെ സ്ഥിരമായി വിമര്‍ശനാത്മകമായി സമീപിക്കാറുമുണ്ട്. അവര്‍ ഒരിക്കലും വ്യക്തിപരമായി നമ്മുടെ യോഗങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുത്തിട്ടില്ലെന്ന് ഞങ്ങള്‍ കരുതുന്നു. റിപ്പോര്‍ട്ടുകള്‍ മാത്രം അടിസ്ഥാനമാക്കി അവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. പ്രത്യേകിച്ച് റിപ്പോര്‍ട്ടുകളുടെ ആരംഭത്തില്‍ പൂക്കള്‍, വയലുകള്‍, പുഴകള്‍, പക്ഷികള്‍ തുടങ്ങിയ പ്രകൃതി വിവരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ അവര്‍ ആവര്‍ത്തിച്ച് സാരോപദേശം നല്‍കാറുണ്ട്. പ്രകൃതിയെ നമ്മുടെ ചര്‍ച്ചകളില്‍ നിന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും ഒഴിവാക്കണമെന്നതാണ് അവര്‍ പറയുന്നത്.

മെയ് ആഘോഷങ്ങളുടെ മാസമാണ്. ചരിത്രപ്രസിദ്ധമായ മെയ് ദിനത്തോടെ ഇത് ആരംഭിക്കുന്നു. തുടര്‍ന്ന് വികാരനിര്‍ഭരവും സ്‌നേഹനിര്‍ഭരവുമായ മാതൃദിനം, നേഴ്‌സസ് ഡേ, മെക്‌സിക്കോയുടെ യുദ്ധവിജയ ദിനമായ സിങ്കോ ഡി മയോ (മെയ് അഞ്ചാം തീയതി) എന്നിവയും അനവധി ചെറിയ ആഘോഷങ്ങളും നടക്കുന്നു. ഒടുവില്‍ പുതുവത്സരത്തിനു ശേഷമുള്ള ആദ്യ ദേശീയ അവധിയായ മെമ്മോറിയല്‍ ഡേയോടെ ആഘോഷങ്ങള്‍ അവസാനിക്കുന്നു.

ഇപ്പോള്‍ വസന്തകാലത്തിന്റെ മദ്ധ്യഘട്ടമാണ്. ഈ സാഹചര്യത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ മസാല ഹട്ട് റസ്റ്റോറന്റില്‍ മെയ് 17-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് യോഗം ചേര്‍ന്നു. റൈറ്റേഴ്‌സ് ഫോറം സാഹിത്യ വിഷയങ്ങളില്‍ മാത്രം ചര്‍ച്ചകള്‍ ഒതുക്കാറില്ല. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, മതപരം, ദാര്‍ശനികം തുടങ്ങിയ വിഷയങ്ങളിലേക്കും അത് വ്യാപിക്കുന്നു. വിശാലമായ ഒരു ലോകദര്‍ശനമാണ് റൈറ്റേഴ്‌സ് ഫോറത്തിന്റെ എക്കാലത്തെയും അജണ്ട.

ഇക്കുറി ഡോ. സണ്ണി എഴുമറ്റൂരിന്റെ ഏറ്റവും പുതിയ രചനയായ ‘A Guide to Suicide Prevention’ എന്ന 58-ാമത് പുസ്തകത്തെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. സാമൂഹികവും മതപഠനപരവുമായ മേഖലകളില്‍ ഡോ. സണ്ണി എഴുമറ്റൂര്‍ നല്‍കിയ സംഭാവനകളെ ഫോറം അംഗങ്ങള്‍ അഭിനന്ദിച്ചു. ഈ പുസ്തകം പ്രത്യേകിച്ച് യുവതലമുറയുടെ സങ്കീര്‍ണ്ണമായ മനോഭാവങ്ങളെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ പലര്‍ക്കും ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയാതെ വരാം. അത്തരത്തില്‍ അവര്‍ എന്ത് ചെയ്യണം..? ജീവിതം അവസാനിപ്പിക്കണോ..? അതാണോ എളുപ്പവഴി..? ചിലപ്പോള്‍ ആത്മഹത്യയെയും രക്തസാക്ഷിത്വത്തെയും ഒരുപോലെ കാണാന്‍ കഴിയില്ല. ‘A Guide to Suicide Prevention’ ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

തന്റെ അവതാരികയില്‍ ഡോ. സി. എം ജേക്കബ് ഇങ്ങനെ രേഖപ്പെടുത്തി:
“A Guide to Suicide Prevention എന്ന ഈ പുസ്തകം മാനസികാരോഗ്യം, ആത്മീയപരിപാലനം, പ്രതിസന്ധികളെ അഭിമുഖീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളെ വിശാലമായി അവതരിപ്പിക്കുന്നു. ഡിജിറ്റല്‍ മാനസികാരോഗ്യ പ്രതിസന്ധി, മനസും ശരീരവും തമ്മിലുള്ള ബന്ധം, ബൈബിള്‍ കൗണ്‍സലിംഗ്, പരിശുദ്ധാത്മാവിന്റെ പങ്ക്, രോഗങ്ങളെക്കുറിച്ചുള്ള ആത്മീയ കാഴ്ചപ്പാടുകള്‍ എന്നിവയെ പുസ്തകം വിശദീകരിക്കുന്നു. വിശ്വാസവും മാനസികരോഗവും, ആത്മഹത്യാ ചിന്തകളെ മനസ്സിലാക്കല്‍, അപകടസാധ്യതകള്‍ തിരിച്ചറിയല്‍, പ്രതിസന്ധിയിലായ വ്യക്തികളോട് പ്രതികരിക്കല്‍ എന്നിവയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാ ഗ്രസ്തരായവരെ എങ്ങനെ സഹായിക്കണം, അടിയന്തര ഇടപെടല്‍ ആവശ്യമായ സാഹചര്യങ്ങള്‍ എന്തെല്ലാമാണ്, അപകടാവസ്ഥയിലുള്ള പ്രിയപ്പെട്ടവര്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്നിവയും ഇതില്‍ പ്രതിപാദിക്കുന്നു…”

ഡോ. സി.എം ജേക്കബ് ആമുഖപ്രസംഗം നടത്തി. തുടര്‍ന്ന് പുസ്തക പ്രകാശനത്തിന്റെ ഭാഗമായി പുസ്തകത്തിന്റെ ഒരു പകര്‍പ്പ് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്നിന് കൈമാറി. തുടര്‍ന്ന് അദ്ദേഹം അനുമോദന പ്രസംഗവും നടത്തി. അലക്‌സാണ്ടര്‍ ഡാനിയയേല്‍, അലക്‌സ് മാത്യു, എ. സി.ജോര്‍ജ്, റവ. തോമസ് അമ്പലവേലില്‍, ഡോ. ജോസഫ് പൊന്നോലി, ഡോ. മിനി ഡാനിയേല്‍, റോയ് തോമസ്, സജി കൊല്ലംതറ, ഡോളി കാച്ചാപ്പിള്ളി എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു: ആന്ധ്രാപ്രദേശ് സ്വദേശികളും സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായ ശദ്രക്, സ്വാതിക്, പ്രവീണ്‍ എന്നിവര്‍ നിരീക്ഷകരായി യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മാഠത്തിലേത്ത് അധ്യക്ഷത വഹിച്ചു. ഉപക്രമക്കിന്‌ശേഷം അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്തു. പ്രോഗ്രം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു യോഗത്തിന്റെ മോഡറേറ്ററായിരുന്നു. ട്രഷറര്‍ മാത്യു വെള്ളാമറ്റം ആശംസകള്‍ നേര്‍ന്നു. കൃതജ്ഞത പ്രകാശിപ്പിച്ച ഫോറം സെക്രട്ടറി മോട്ടി മാത്യുവും സെന്നി ഉമ്മനും ഫോട്ടോഗ്രഫിയും വീഡിയോ ചിത്രീകരണവും നിയന്ത്രിച്ചു.
Kerala Writers’ Forum Houston Meeting Report for the month of May 2026















