‘മധ്യപ്രദേശ് പൊലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല’; കുംഭമേള വൈറൽ താരവും ഭർത്താവും കോടതിയിൽ

‘മധ്യപ്രദേശ് പൊലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല’; കുംഭമേള വൈറൽ താരവും ഭർത്താവും കോടതിയിൽ

ദില്ലി: മധ്യപ്രദേശ് പൊലീസ് തങ്ങൾക്ക് സ്വൈര്യജീവിതം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുംഭമേളയിലൂടെ ചിത്രങ്ങൾ വൈറലായ യുവതിയും ഭർത്താവും കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് നടപടികൾ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് ദമ്പതികളുടെ പ്രധാന പരാതി.

തങ്ങളുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് അധികൃതർ ഏകപക്ഷീയമായി റദ്ദാക്കിയെന്നും അതിന് പകരം വ്യാജ ജനന സർട്ടിഫിക്കറ്റ് ചമച്ചെന്നുമാണ് ഹർജിയിലെ ഗുരുതരമായ ആരോപണം. ഇത്തരത്തിൽ റദ്ദാക്കിയ ഔദ്യോഗിക ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കൂടാതെ, സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ തങ്ങൾക്കെതിരെ നടക്കുന്നുണ്ടെന്നും, ഇതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്നുമാണ് ദമ്പതികളുടെ ആവശ്യം. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ കെ.ആർ, അനിരുദ്ധ് കെ.പി, ബി.എൽ നഗർ എന്നിവർ മുഖേനയാണ് കുംഭമേള വൈറൽ താരവും ഭർത്താവും ഹൈക്കോടതിയിൽ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

Share Email
Top