പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീഡിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി. ‘ഇനി ഓപ്പോസിഷൻ മീഡിയ’ എന്നാണ് ഗ്രൂപ്പിന്റെ പുതിയ പേര്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജാണ് പേര് മാറ്റിയത്. പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് പ്രതിപക്ഷത്തേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയൻ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. പിണറായി തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ അദ്ദേഹം വിസമ്മതിച്ചാൽ മാത്രമേ മറ്റ് നേതാക്കളെ പരിഗണിക്കൂ. പിണറായി മാറുന്ന സാഹചര്യമുണ്ടായാൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനായിരിക്കും പ്രഥമ പരിഗണന.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ഭരണപക്ഷത്തിന് വൻ ഭൂരിപക്ഷമുള്ള സഭയിൽ പ്രതിപക്ഷത്തെ നയിക്കാൻ കരുത്തനായ നേതാവ് വേണമെന്ന അഭിപ്രായം ശക്തമാണ്. അതിനാൽ ആദ്യത്തെ കുറച്ചു വർഷമെങ്കിലും പിണറായി തന്നെ സ്ഥാനത്ത് തുടരാൻ സാധ്യതയുണ്ട്. പരാജയത്തിന്റെ ആഘാതത്തിൽ നിന്നും പാർട്ടി മുക്തമാകാത്തതിനാൽ വരും ദിവസങ്ങളിൽ മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.















