കേരള രാഷ്ട്രീയത്തിൽ പത്തു വർഷത്തിന് ശേഷം വലിയൊരു അധികാരമാറ്റത്തിന് വഴിയൊരുക്കി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തലസ്ഥാനത്തേക്ക് വരാതെ ദൂതൻ വഴി ഗവർണർക്ക് രാജിക്കത്ത് നൽകിയ അദ്ദേഹം ഇപ്പോൾ കണ്ണൂരിലെ വസതിയിൽ തുടരുകയാണ്. പുതിയ ഭരണസംവിധാനം വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദ്ദേശിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിന് പ്രവചനാതീതമായ തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത്.
പതിനൊന്നാം മണിക്കൂറിൽ വോട്ടർമാർ നടത്തിയ വിധിയെഴുത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വിറച്ചു. 102 സീറ്റുകൾ സ്വന്തമാക്കി യുഡിഎഫ് വലിയ വിജയം ആഘോഷിക്കുമ്പോൾ, ഇടതുമുന്നണിയുടെ അടിത്തറ ഇളകുന്ന കാഴ്ചയാണ് മിക്ക മണ്ഡലങ്ങളിലും കണ്ടത്. പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ അപ്രതീക്ഷിത പരാജയവും തൃത്താല വി.ടി. ബൽറാം തിരിച്ചുപിടിച്ചതും ഇടതുക്യാമ്പുകളെ നിശബ്ദമാക്കി. ആറന്മുളയിൽ അബിൻ വർക്കി നേടിയ അട്ടിമറി ജയം ഭരണവിരുദ്ധ വികാരത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു.
മന്ത്രിപ്പടയിലെ 13 പേരുടെ പരാജയം എൽഡിഎഫിന് ചരിത്രത്തിലെ തന്നെ വലിയ നാണക്കേടായി മാറി. പി. രാജീവ്, ആർ. ബിന്ദു, വി.എൻ. വാസവൻ തുടങ്ങിയ കരുത്തർക്ക് സ്വന്തം മണ്ഡലങ്ങൾ കാക്കാനായില്ല. എലത്തൂരിലെ എ.കെ. ശശീന്ദ്രന്റെയും തിരൂരിലെ വി. അബ്ദുറഹ്മാന്റെയും പരാജയങ്ങൾ ഇടതുകോട്ടകളിലെ വിള്ളലുകൾ തുറന്നുകാട്ടി. കഷ്ടിച്ച് കടന്നുകൂടിയ മുഖ്യമന്ത്രിയും ബാലഗോപാലും ഒഴിച്ചാൽ ഭൂരിഭാഗം മന്ത്രിമാരും ജനവിധിയിൽ തകർന്നു വീണു.















