പോക്സോ കേസിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ അറസ്റ്റിൽ, ഹൈദരാബാദ് പൊലീസ് നടപടി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

പോക്സോ കേസിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ അറസ്റ്റിൽ, ഹൈദരാബാദ് പൊലീസ് നടപടി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭണ്ടി ഭഗീരത് സായി പോക്സോ കേസിൽ പോലീസിന്റെ പിടിയിലായി. പതിനേഴ് വയസ്സുകാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് ഇരുപത്തിയഞ്ചുകാരനായ ഭഗീരത് സായിക്കെതിരെ കേസെടുത്തത്. മുൻകൂർ ജാമ്യം തേടി പ്രതി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അപേക്ഷ നിരസിച്ചതോടെ ശനിയാഴ്ച വൈകുന്നേരത്തോടെ സൈബരാബാദ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിന്റെ വിശദാംശങ്ങളെച്ചൊല്ലി പോലീസും കേന്ദ്രമന്ത്രിയും തമ്മിൽ വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. മകനെ അഭിഭാഷകൻ മുഖേന പോലീസിന് കൈമാറുകയായിരുന്നു എന്നാണ് കേന്ദ്രമന്ത്രി അവകാശപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം പെറ്റ് ബഷീറാബാദ് പോലീസ് സ്റ്റേഷനിൽ എത്തി മകൻ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വാദം തള്ളിയ സൈബരാബാദ് പോലീസ് കമ്മീഷണർ ഡോ. എം. രമേഷ്, പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്നുള്ള ഒരു താവളത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

തന്റെ മകൻ തെറ്റുകാരനല്ലെന്നാണ് പറയുന്നതെന്നും എങ്കിലും നിയമത്തിന് മുന്നിൽ ആരും വിവേചനം അർഹിക്കുന്നില്ലെന്നും അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. മകനായാലും സാധാരണക്കാരനായാലും നിയമം ഒരുപോലെയാണെന്നും എല്ലാവരും അത് അനുസരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ഉയർന്ന ഘട്ടത്തിൽ തന്നെ മകനെ നിയമത്തിന് മുന്നിൽ ഹാജരാക്കാൻ തീരുമാനിച്ചിരുന്നതായും ബണ്ടി സഞ്ജയ് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നു.

Share Email
LATEST excelnclexrn
More Articles
Top