നിർമിതബുദ്ധി മനുഷ്യന്റെ ചിന്തകളെയും ജീവിതത്തെയും അനുദിനം മാറ്റിമറിക്കുന്ന ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യയുടെ അതിർവരമ്പുകളെക്കുറിച്ചും ധാർമികതയെക്കുറിച്ചുമുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ് ലിയോ പതിന്നാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനം.
‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്’ (മഹത്തായ മനുഷ്യരാശി) എന്ന ലേഖനത്തിൽ മനുഷ്യമനസ്സാക്ഷിയെ വിളിച്ചുണർത്തുന്ന വലിയൊരു ചിന്താധാര തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിർമിതബുദ്ധി(എ.ഐ.)യെ അടിയന്തരമായി നിരായുധീകരിക്കണം എന്ന മാർപാപ്പയുടെ ആഹ്വാനം ആഗോള സമൂഹം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്. സാങ്കേതികവിദ്യയെ തള്ളിക്കളയുക എന്നല്ല, മറിച്ച് അതിനെ കുത്തകകളുടെ ആധിപത്യത്തിൽനിന്നും യുദ്ധക്കൊതിയിൽ നിന്നും മോചിപ്പിച്ച് മനുഷ്യന്റെ നന്മയ്ക്കായി മാറ്റുക എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ആണവ നിരായുധീകരണത്തിന് നൽകിയ അതേ പ്രാധാന്യം ഇന്ന് നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ നിയന്ത്രണത്തിനും നൽകേണ്ടതുണ്ട്. മനുഷ്യന്റെ ഇടപെടലുകളില്ലാതെ സ്വയം തീരുമാനമെടുക്കാൻ ശേഷിയുള്ള മാരകായുധങ്ങളും മുൻവിധികളോടെ മനുഷ്യനെ തരംതിരിക്കുന്ന അൽഗോരിതങ്ങളും സമാധാനത്തിന് ഭീഷണിയാണ്.
അധികാര കേന്ദ്രീകരണത്തിനും ജനങ്ങളെ പാർശ്വവത്കരിക്കാനുമുള്ള ആയുധമായി സാങ്കേതികവിദ്യ മാറാതിരിക്കാൻ അതിനെ അധീശശക്തികളുടെ പിടിയിൽനിന്ന് മോചിപ്പിക്കേണ്ടതുണ്ട്. യുദ്ധത്തെ ഒരിക്കലും പൂർണമായി അൽഗോരിതങ്ങൾക്ക് വിട്ടുകൊടുക്കരുത്. ജീവനെടുക്കുക എന്ന അതിഗുരുതരമായ തീരുമാനം യന്ത്രങ്ങൾക്കുനൽകുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണ്. അത് യുദ്ധത്തിന്റെ ഭീകരതയെ വെറും അക്കങ്ങളാക്കി മാറ്റുകയും ആയുധമത്സരം വർധിപ്പിക്കുകയും ചെയ്യും. ആയുധരംഗത്തെ എ.ഐ. ഉപയോഗം പൂർണമായും നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ട്. സാങ്കേതികവിദ്യ എന്നത് കേവലം കോർപ്പറേറ്റുകളുടെ ലാഭക്കൊതി ശമിപ്പിക്കാനുള്ള മാർഗമല്ല, മറിച്ച് പൊതുനന്മയ്ക്കുള്ള ഉപാധിയായിരിക്കണം എന്ന് ഈ ലേഖനം അടിവരയിടുന്നു. കമ്പോളത്തിലെ മത്സരബുദ്ധിയും അമിത ലാഭേച്ഛയും സാങ്കേതികവിദ്യയുടെ വികസനത്തെ നയിക്കുമ്പോൾ മനുഷ്യന്റെ മൂല്യമാണ് നഷ്ടമാകുന്നത്. ഡേറ്റകളുടെ ഉടമസ്ഥാവകാശം ചില വ്യക്തികളുടെയോ കമ്പനികളുടെയോ കൈകളിൽമാത്രം ഒതുങ്ങാൻ പാടില്ല. മനുഷ്യന്റെ തൊഴിലും ഉപജീവനമാർഗവും സംരക്ഷിക്കാൻ ശക്തമായ നിയമനിർമാണവും സ്വതന്ത്ര മേൽനോട്ടവും അത്യന്താപേക്ഷിതമാണ്. എ.ഐ. സാങ്കേതികവിദ്യയെ പൂർണമായി തള്ളിക്കളയാതെത്തന്നെ, അതിന്റെ അനിയന്ത്രിതമായ വളർച്ച മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും മേൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ലേഖനത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകുന്നു.
ഭൂമിയിൽ ദൈവമില്ലാത്ത അഹങ്കാരത്തിന്റെ പുതിയൊരു ‘ബാബേൽ ഗോപുരം’ പണിയണോ എന്ന വലിയൊരു ചോദ്യത്തിനുമുന്നിലാണ് ഇന്ന് മാനവരാശിയെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു. ശരിയും തെറ്റും തിരിച്ചറിയാനുള്ള ധാർമിക മനസ്സാക്ഷി എ.ഐ. അൽഗോരിതങ്ങൾക്കില്ല. എ.ഐ. നൽകുന്ന ഉത്തരങ്ങൾ പൂർണമായും നിഷ്പക്ഷമാണെന്ന് കരുതി അതിനെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയെയും സർഗാത്മകതയെയും നശിപ്പിക്കും.
സാങ്കേതികവിദ്യകൾ എപ്പോഴും മനുഷ്യകേന്ദ്രിതമായിരിക്കണം; മനുഷ്യൻ വെറുമൊരു സാമ്പത്തിക ഉപകരണമായി മാറരുത്. എ.ഐ. മേഖലയിൽ ദരിദ്രരാജ്യങ്ങളിലെ ലക്ഷക്കണക്കിന് യുവാക്കളും സ്ത്രീകളും വളരെ കുറഞ്ഞ വേതനത്തിൽ കഠിനമായ സാഹചര്യങ്ങളിൽ പണിയെടുക്കുന്നു. കംപ്യൂട്ടർ ചിപ്പുകൾ നിർമിക്കാനുള്ള അപൂർവധാതുക്കൾ ഖനനംചെയ്യാൻ കുട്ടികൾവരെ അപകടകരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.
സാങ്കേതികവിദ്യാ പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ആധുനിക അടിമത്തങ്ങളെ മറച്ചുവെക്കുന്നത് വലിയ ധാർമികാപചയമാണ്. ‘മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്’ എന്ന ലേഖനം ഏതെങ്കിലും ഒരു മതവിഭാഗത്തിന് മാത്രമുള്ളതല്ല, മറിച്ച് മനുഷ്യരാശിയുടെയും ഭൂമിയുടെയും ഭാവിയിൽ ആശങ്കയുള്ള എല്ലാ മനുഷ്യർക്കുമുള്ള ദിശാസൂചികയാണ്. ഡിജിറ്റൽ സാങ്കേതിക വിപ്ലവത്തിന്റെ സന്ധിയിൽ മനുഷ്യന്റെ ആത്മാവിനെയും അന്തസ്സിനെയും സംരക്ഷിക്കാൻ ഈ പുതിയ സാമൂഹിക പ്രമാണം വഴിവിളക്കാകട്ടെ. സാങ്കേതിക മുന്നേറ്റങ്ങൾ മനുഷ്യരാശിയുടെ നാശത്തിനല്ല, പുരോഗതിക്കാണ് ഉപയോഗിക്കേണ്ടതെന്ന വിവേകം ആഗോള ഭരണാധികാരികൾക്കും ഐ.ടി. വ്യവസായഭീമന്മാർക്കും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.
ലിയോ മാർപാപ്പയുടെ ചാക്രിക ലേഖനം ചർച്ചയാകുന്നു















