അഹമ്മദാബാദ്: ആയിരം കോടിയിലധികം വിലവരുന്ന കൊക്കെയ്‌നുമായി പാക്കിസ്ഥാനിലെ പോര്‍ട്ട് കാസിമില്‍ നിന്നെത്തിയ കപ്പല്‍ ഗുജറാത്തിലെ കച്ച് മേഖലയില്‍ പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ക സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 100 കിലോയിലധികം കൊക്കെയ്ന്‍ പിടിച്ചെടുത്തത്.
പാകിസ്ഥാനിലെ പോര്‍ട്ട് കാസിമില്‍ നിന്നാണ് കപ്പല്‍ എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഓപ്പറേഷനില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് ശൃംഖലയെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണ്.25, 26 തീയതികളില്‍ി മുന്ദ്ര തീരത്ത് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഏകദേശം 115 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ഐസിജി ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളും എടിഎസ് ഉദ്യോഗസ്ഥരും മുന്ദ്ര നങ്കൂര പ്രദേശത്ത് വിപുലമായ തിരച്ചില്‍ നടത്തി.
മുന്ദ്രയില്‍ നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന എംവി യൂറോപ്പ് എന്ന കണ്ടെയ്നര്‍ കപ്പലില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്തി. ചില ബാഗുകള്‍ കടലിലേക്ക് വലിച്ചെറിയുന്നത് കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍, ഐസിജിയുടെയും എടിഎസിന്റെയും സംയുക്ത സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രാത്രിയില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കടലില്‍ നിന്ന് അഞ്ച് ബാഗുകള്‍ കണ്ടെടുത്തു.ഒരു കിലോഗ്രാം ഭാരമുള്ള 115 പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
Ship with cocaine worth Rs 1000 crore seized in Gujarat















