തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രോസിക്യൂഷനെതിരെ ഗുരുതര ഒത്തുകളി ആരോപണങ്ങളുമായി പൊലീസ്. പ്രതിക്ക് ജാമ്യം നിഷേധിക്കാൻ വ്യക്തമായ 13 കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ 18-ാം തീയതി തന്നെ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് കോടതിക്ക് കൈമാറിയ പ്രോസിക്യൂട്ടർ ഗീനാകുമാരി പ്രതിയുടെ ജാമ്യത്തെ എതിർത്തില്ലെന്ന് മാത്രമല്ല, പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.
കഴിഞ്ഞ 24-നാണ് കേസിൽ കോടതി വാദം കേട്ടത്. റിപ്പോർട്ട് നൽകിയ 18-ാം തീയതി മുതൽ വാദം നടന്ന 24-ാം തീയതി വരെയുള്ള ദിവസങ്ങളിൽ ഒരിക്കൽ പോലും പ്രോസിക്യൂട്ടർ അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെടാൻ തയ്യാറായില്ല. കേസ് ഡയറി ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ ആവശ്യപ്പെടുകയോ പരിശോധിക്കുകയോ ചെയ്തില്ല. ഇതിനെല്ലാപ്പുറമെ, ജാമ്യഹർജിയിൽ വാദം കേൾക്കുന്ന വിവരം പോലും പ്രോസിക്യൂട്ടർ പൊലീസിനെ മുൻകൂട്ടി അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പൊലീസ് സമർപ്പിച്ച ശക്തമായ റിപ്പോർട്ടിന് വിരുദ്ധമായി, കോടതിയിൽ പ്രതിക്ക് അനുകൂലമായ നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന പ്രോസിക്യൂട്ടറുടെ വാദം കണക്കിലെടുത്താണ് കോടതി ഒടുവിൽ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചത്.
ഡിജിപിയുടെ അടിയന്തര ഇടപെടൽ; പ്രോസിക്യൂട്ടറെ മാറ്റാൻ ശുപാർശ
വിവാദം കടുത്തതോടെ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ആസഫ് അലി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. തിങ്കളാഴ്ച കേസിന്റെ മുഴുവൻ രേഖകളുമായി നേരിട്ട് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥന് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കടുത്ത വീഴ്ച വരുത്തിയ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് ഔദ്യോഗികമായി പരാതി നൽകി. കേസിന്റെ സുതാര്യമായ നടത്തിപ്പിനായി ഇവരെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് അടിയന്തരമായി ഒഴിവാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.















