ആഗോള കാലാവസ്ഥയെ പിടിച്ചുകുലുക്കാൻ ‘എൽ നിനോ’ എത്തി; കാലാവസ്ഥാ കേന്ദ്രം അറിയിപ്പ്

ആഗോള കാലാവസ്ഥയെ പിടിച്ചുകുലുക്കാൻ ‘എൽ നിനോ’ എത്തി; കാലാവസ്ഥാ കേന്ദ്രം അറിയിപ്പ്

ന്യൂഡൽഹി: ലോകമെമ്പാടും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില അസാധാരണമായി ഉയർന്നതാണ് ഇതിന് കാരണം. നിലവിൽ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ ശക്തമാണെന്നും, വരാനിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ഇത് കൂടുതൽ തീവ്രമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും അമേരിക്കൻ ക്ലൈമറ്റ് പ്രെഡിക്ഷൻ കേന്ദ്രവും അറിയിച്ചു.

സമുദ്രോപരിതലത്തിലെ ഈ താപവർധനവിനോട് അന്തരീക്ഷം ഇതിനകം തന്നെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ പൂർണ്ണമായും എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു കഴിഞ്ഞു.

താപനിലയിലെ മാറ്റം

ഏപ്രിൽ-മെയ്-ജൂൺ മാസങ്ങളിലെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. വരാനിരിക്കുന്ന കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോ പ്രതിഭാസത്തിനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

എൽ നിനോ ശക്തമാകുമ്പോഴും ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സാധാരണ നിലയിലാണ്. കാലവർഷം അവസാനിക്കുന്നത് വരെ സമുദ്രം ന്യൂട്രൽ അവസ്ഥയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം സൂചിപ്പിക്കുന്നു.

പ്രധാന ആഗോള പ്രത്യാഘാതങ്ങൾ

ഇൻഡോനേഷ്യ, ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയ്ക്കും കാട്ടുതീയ്ക്കും എൽനിനോ കാരണമാകുന്നു. എന്നാൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും (ഉദാഹരണത്തിന് പെറു, ഇക്വഡോർ) യു.എസിന്റെ തെക്കൻ ഭാഗങ്ങളിലും സാധാരണയിൽ കൂടുതൽ മഴയും പ്രളയവും ഉണ്ടാകുന്നു. അന്തരീക്ഷത്തിലേക്ക് സമുദ്രത്തിൽ നിന്നുള്ള ചൂട് പടരുന്നതിനാൽ ആഗോള താപനില കുതിച്ചുയരുന്നു.

ഇന്ത്യയെയും കേരളത്തെയും ബാധിക്കുന്നു?

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ദുർബലമാകാൻ എൽ നിനോ കാരണമാകാറുണ്ട്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ലഭിക്കേണ്ട സാധാരണ മഴയുടെ അളവ് ഗണ്യമായി കുറയാൻ ഇത് കാരണമാകുന്നു. കൃത്യസമയത്ത് മഴ ലഭിക്കാത്തത് രാജ്യത്തെ കാർഷിക മേഖലയെയും ജലലഭ്യതയെയും ഭക്ഷ്യവിലയെയും ദോഷകരമായി ബാധിക്കുന്നു. വേനൽക്കാലത്ത് കടുത്ത ചൂടിനും വരണ്ട അന്തരീക്ഷത്തിനും ഇത് വഴിയൊരുക്കുന്നു.

Share Email
LATEST excelnclexrn
More Articles
Top