മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളെ തടഞ്ഞു, ഓഫീസിന് മുന്നിൽ നാടകീയ രംഗങ്ങൾ

മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനെത്തിയ കോൺഗ്രസ് നേതാക്കളെ തടഞ്ഞു, ഓഫീസിന് മുന്നിൽ നാടകീയ രംഗങ്ങൾ

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ കടുത്ത രാഷ്ട്രീയ നാടകീയ നീക്കങ്ങൾ. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മീനാക്ഷി നടരാജൻ തന്റെ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് കാണിച്ച് ബി.ജെ.പി. നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഈ അടിയന്തര നടപടി. പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബി.ജെ.പിക്ക് എതിരില്ലാതെ വിജയിക്കാനാകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

നാമനിർദ്ദേശ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പൂർണ്ണമായും ഏകപക്ഷീയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കമ്മീഷന്റെ തീരുമാനത്തിനെതിരെ അടിയന്തരമായി കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഇതിനിടെ മധ്യപ്രദേശിലെ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെത്തി.

എന്നാൽ കമ്മീഷനെ നേരിൽക്കണ്ട് പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ പ്രധാന ഗേറ്റിൽ വെച്ച് തടഞ്ഞു. കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവരടങ്ങുന്ന നേതാക്കളെ അകത്തേക്ക് കടത്തിവിടില്ലെന്ന് സുരക്ഷാ ജീവനക്കാർ നിലപാടെടുത്തതോടെ ഗേറ്റിൽ കടുത്ത തർക്കമുണ്ടായി. ഇതേത്തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥർ അവിടെനിന്ന് നിർബന്ധപൂർവ്വം മാറ്റി.

Share Email
LATEST excelnclexrn
Top