വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുളള യുദ്ധം അവസാനിച്ചതിനു പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഏറെ താഴ്ന്നു.
ആഗോള എണ്ണവില ബുധനാഴ്ച ഇറാന്‍ -അമേരിക്ക യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന നിലയിലേക്കാണ് താണത്.
ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന മാനദണ്ഡമായ ബ്രന്റ് ക്രൂഡ് ഒരു ബാരലിന് 73.50 ഡോളറിലെത്തി. ബുധനാഴ്ച മാത്രം ഏകദേശം അഞ്ചു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 27-ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്.അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ പെട്രോള്‍ വില ഒരു ഗാലണിന് നാലു ഡോളറിന് താഴെയെത്തി.
ഒരു ഗാലണ്‍ പെട്രോളിന്റെ ദേശീയ ശരാശരി വില ഇപ്പോള്‍ 3.92 ഡോളറാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 58 സെന്റ് (13 ശതമാനം) കുറവാണ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക്് അടച്ചുപൂട്ടിയിരുന്നു. ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടല്‍പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇതാണ് എണ്ണവിലയിലും ഇന്ധനവിലയിലും വലിയ വര്‍ധനവിന് കാരണമായത്.
കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികള്‍ ബുര്‍ഗന്‍സ്‌റ്റോക്ക് റിസോര്‍ട്ടില്‍ കൂടിക്കാഴ്ച നടത്തി.
ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന്, അടുത്ത 60 ദിവസത്തേക്ക് ഹോര്‍മൂസ് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം പുനരാരംഭിക്കുകയും യാതൊരു ടോള്‍ ഫീസും ഈടാക്കാതിരിക്കുകയും ചെയ്യുക എന്നതാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച സാമൂഹികമാധ്യമത്തില്‍ നടത്തിയ പ്രസ്താവനയില്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് ”ടോള്‍ ഫീസ്, ഇന്‍ഷുറന്‍സ് ചെലവ്, മറ്റ് അധിക ചാര്‍ജുകള്‍ എന്നിവ ഒന്നും ഈടാക്കില്ലെന്നു ഇറാന്‍ അറിയിച്ചതായി പറഞ്ഞു.
Oil prices fall sharply in international markets: Iran reaches pre-US war levels















