ഡൽഹി വിമാനത്താവളത്തിൽ വെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോകോൾ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി കേരള ഹൗസ് അഡിഷണൽ റെസിഡന്‍റ് കമ്മീഷണർ അശ്വതി ശ്രീനിവാസ്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട അനുബന്ധ ഔദ്യോഗിക നടപടികൾ നാളെ മുതൽ ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് ശേഷം മാത്രമാണ് പ്രോട്ടോകോൾ ഓഫീസർ മടങ്ങാറുള്ളതെന്നും ആ പതിവിൽ ഇത്തവണ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അശ്വതി ശ്രീനിവാസ് വിശദീകരിച്ചു. എന്നാൽ, വിമാനക്കമ്പനി അധികൃതരുമായും വിമാനത്താവള അധികൃതരുമായും കൃത്യമായ ആശയവിനിമയം നടത്തുന്നതിലാണ് പ്രോട്ടോകോൾ വിഭാഗത്തിന് പിഴവ് സംഭവിച്ചത്. ഭാവിയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അവർ ഉറപ്പുനൽകി.
പ്രോട്ടോകോൾ ഓഫീസർ, കൺട്രോളർ, അഡിഷണൽ റെസിഡന്‍റ് കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമാണ് കമ്മീഷണറുടെ പ്രതികരണം പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ വിശദീകരണം എഴുതി വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് ആശയവിനിമയത്തിലെ പാളിച്ചയാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് മടങ്ങേണ്ടിയിരുന്ന പിണറായി വിജയന് വിഐപി ലോഞ്ചിലെ ആശയക്കുഴപ്പത്തെ തുടർന്ന് ഫ്ലൈറ്റ് മിസ്സായത്.














