കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്നും 4,800 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായി ബംഗാള്‍ സര്‍ക്കാര്‍.പശ്ചിമബംഗാളിലെ അതിര്‍ത്തി ജില്ലകളിലുള്ള തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതെന്നു മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. 836 പേര്‍ കൂടി നിലവില്‍ നാടുകടത്തല്‍ നടപടികള്‍ നേരിടുന്നതായും അദ്ദേഹം അറിയിച്ചു. അനധികൃത കുടിയേറ്റം തടയുന്നതും ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷിതമാക്കുന്നതുമാണ് തന്റെ സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനകളെന്ന് ബി.ജെ.പി പ്രവര്‍ത്തരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി.
വേലി കെട്ടാന്‍ ഇനിയും ബാക്കിയുള്ള 556 കിലോമീറ്റര്‍ അതിര്‍ത്തിയില്‍, ഏകദേശം 100 കിലോമീറ്ററോളം വരുന്ന ഭാഗത്തെ വേലി നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ ബി.എസ്.എഫിന് ഭൂമി കൈമാറിയിട്ടുണ്ടെന്നും വടക്കന്‍ ബംഗാളിലെ ‘ചിക്കന്‍സ് നെക്ക്’ ഇടനാഴിക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ‘ചിക്കന്‍സ് നെക്ക്’ എന്ന് അറിയപ്പെടുന്ന സിലിഗുരി ഇടനാഴി.
തന്റെ സര്‍ക്കാരിന്റെ നാടുകടത്തല്‍ നീക്കത്തെ എടുത്തുകാണിച്ചുകൊണ്ട്, പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരാത്ത അനധികൃത കുടിയേറ്റക്കാരെ കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കനുസൃതമായി നേരിട്ട് ബിഎസ്എഫിന് കൈമാറുന്നുണ്ടെന്ന് അധികാരി പറഞ്ഞു. രാജ്യത്ത് മറ്റിടങ്ങളിലും സമാനമായ വ്യവസ്ഥകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, മുന്‍ തൃണമൂല്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും, പൊതു ചെലവില്‍ അനധികൃത കുടിയേറ്റക്കാരെ സംസ്ഥാന സൗകര്യങ്ങളില്‍ തുടരാന്‍ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Report: 4,800 illegal immigrants deported from West Bengal















