ന്യൂഡല്‍ഹി: പ്രതിപക്ഷം ശക്തമാകാനായി കോണ്‍ഗ്രസില്‍ നിന്നും വിഘടിച്ചുപോയവര്‍ മാതൃസംഘടനയില്‍ ലയിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെട്ട് ശിവസേന.
ഇന്ത്യ’ സഖ്യത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി പരിഹാരം നിര്‍ദ്ദേശിച്ച് ശിവസേനഎം.പി സഞ്ജയ് റാവത്ത്. ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍, കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞുപോയ എല്ലാ പ്രാദേശിക പാര്‍ട്ടികളും മാതൃസംഘടനയിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന് രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്ത് വെള്ളിയാഴ്ച പറഞ്ഞു.
ശക്തമായ ഒരു കോണ്‍ഗ്രസിന് മാത്രമേ പ്രതിപക്ഷത്തെ മികച്ച രീതിയില്‍ നയിക്കാന്‍ സാധിക്കൂ എന്ന് വാദിച്ച റാവത്ത്, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് ചെറിയ പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ‘നെഹ്റുവിന്റെയും ഇന്ദിരയുടെയും കാലഘട്ടങ്ങളില്‍ പോലും പ്രാദേശിക കൂട്ടായ്മകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി, ഒരു തിരഞ്ഞെടുപ്പ് എന്ന നയത്തിലാണ് വിശ്വസിക്കുന്നത്,’ അദ്ദേഹം ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി ആരോപിച്ച റാവത്ത്, ഈ നീക്കം ബിജെപിയുടെ അധികാരത്തോടുള്ള അത്യാഗ്രഹമാണ് കാണിക്കുന്നതെന്നും പറഞ്ഞു. വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ടി.എം.സിയുടെ ആകെയുള്ള 80 എം.എല്‍.എമാരില്‍ കുറഞ്ഞത് 60 പേരെങ്കിലും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിക്കെതിരെ വിമത ശബ്ദം ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ 23 എം.പിമാര്‍ ഈ വിമതരുമായി ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയം നേടുന്നതിനായി ബി.ജെ.പി കുതന്ത്രങ്ങള്‍ മെനയുകയാണെന്ന് ആരോപിച്ച റാവത്ത്, അവരുടെ വിജയങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ‘ബി.ജെ.പി എങ്ങനെയാണ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് കൊണ്ടേയിരിക്കുന്നത് എന്ന് ദൈവത്തിനും ശ്രീരാമനും മാത്രമേ അറിയൂ,’ അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
Shiv Sena suggests Trinamool and NCP should merge with Congress to strengthen opposition















