പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്ന വിഷയത്തിൽ നിലപാട് തിരുത്തി വി.ഡി. സതീശൻ സർക്കാർ. യു.ഡി.എഫ്. യോഗത്തിന് ശേഷം മുന്നണി കൺവീനർ അടൂർ പ്രകാശാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനം വ്യക്തമാക്കിയത്. മുൻ എൽ.ഡി.എഫ്. സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് സാങ്കേതികമായി പിന്മാറാൻ കഴിയില്ലെന്നാണ് യു.ഡി.എഫിന്റെ പുതിയ വാദം. അധികാരത്തിൽ വന്നാൽ പി.എം. ശ്രീ കരാർ അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച യു.ഡി.എഫ്. നേതാക്കളാണ് ഇപ്പോൾ തിരിച്ചടിച്ച നിലപാടിലെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും വലിയ രാഷ്ട്രീയ പോരിന് വഴിവെച്ച വിഷയമായിരുന്നു പി.എം. ശ്രീ. മുൻപ് വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ നീക്കമെന്ന് ആരോപിച്ച് മുസ്ലിം ലീഗും ഇതിനെ ശക്തമായി എതിർത്തിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം വിഷയം പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും റിപ്പോർട്ട് വരും മുൻപേ തന്നെ പദ്ധതി നടപ്പിലാക്കാൻ യു.ഡി.എഫ്. തീരുമാനിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകൾ ഏതാണെന്നും സിലബസ് എന്താണെന്നും സംസ്ഥാനത്തിന് തീരുമാനിക്കാനുള്ള ഉപാധി മാത്രമായിരിക്കും ഇനി ഉപസമിതി മുന്നോട്ടുവെക്കുകയെന്ന് യു.ഡി.എഫ്. യോഗത്തിന് ശേഷം കൺവീനർ പറഞ്ഞു.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനും സ്ഥിരീകരിച്ചു. അതേസമയം, പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിടുകയല്ലാതെ പദ്ധതി കേരളം നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്യസഭയിൽ അറിയിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാരിനെ നേരിടുന്നത്. കരാറിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന യു.ഡി.എഫ്. സർക്കാരിന്റെ വാദം തെറ്റാണെന്ന് തെളിയിക്കാൻ ഈ കേന്ദ്ര പ്രസ്താവന ആയുധമാക്കുകയാണ് പ്രതിപക്ഷം.
VD Satheesan Govt U-Turn on PM SHRI Scheme; UDF Decides to Implement Project
















