Caritas hospital

കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിനു നേരെ വഴിനീളെ ഡിവൈഎഫ്ഐ ആക്രമണം, 5 ഇടത്ത് ആക്രമിക്കപ്പെട്ടു

കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിനു നേരെ വഴിനീളെ ഡിവൈഎഫ്ഐ ആക്രമണം, 5 ഇടത്ത് ആക്രമിക്കപ്പെട്ടു

കണ്ണൂർ: സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനവ്യൂഹത്തിന് നേരെ കണ്ണൂർ ജില്ലയിൽ വ്യാപക ഡിവൈഎഫ്ഐ ആക്രമണം. തളിപ്പറമ്പിലും പയ്യന്നൂരിലും അടക്കം അഞ്ചിടങ്ങളിൽ വെച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മന്ത്രി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.

തളിപ്പറമ്പ് കുപ്പത്തുവെച്ചാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആദ്യമായി ആക്രമണമുണ്ടായത്. തുടർന്ന് പയ്യന്നൂരിലും അക്രമികൾ വാഹനം വളഞ്ഞു. കല്ലുകൾ കൊണ്ടും കൈകൾ കൊണ്ടും വാഹനത്തിന്മേൽ ആഞ്ഞടിച്ച അക്രമികൾ, കാറിന്റെ ഫ്ലാഗ് പോളും റെയിൻ ഗാർഡും തകർത്തു. പയ്യന്നൂരിൽ വെച്ച് കോൺഗ്രസ് നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വലിയ തോതിൽ കൈയാങ്കളിയും സംഘർഷവുമുണ്ടായി.

ആക്രമണം തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാർക്കും പൊലീസിനും ഇടയിൽ വെച്ചാണ് ഡിവൈഎഫ്ഐ സംഘം അതിക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നാലെ കാസർകോട് നീലേശ്വരത്ത് വെച്ചും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. എന്നാൽ, വഴിനീളെയുണ്ടായ ഈ ആക്രമണങ്ങളിൽ ഭയന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. പ്രതിഷേധങ്ങളെ അതിജീവിച്ച് അദ്ദേഹം കാസർകോട്ടേക്കുള്ള നിശ്ചിത യാത്രാപരിപാടികളുമായി മുന്നോട്ട് പോയി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ വിമർശനങ്ങളിൽ പ്രകോപിതരായാണ് ഡിവൈഎഫ്ഐ അക്രമം അഴിച്ചുവിട്ടത്. മന്ത്രിയെ ലക്ഷ്യമിട്ട് ആസൂത്രിതമായ വധശ്രമമാണ് നടന്നതെന്ന് മന്ത്രിക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top