സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എൻ. പ്രശാന്ത്, ഡോ. ബി. അശോക് എന്നിവരുടെ സസ്പെൻഷൻ സംസ്ഥാന സർക്കാർ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി നീട്ടി കൊണ്ടുപോകാതെ ഉത്തരവിറങ്ങിയതോടെ രണ്ട് ഉദ്യോഗസ്ഥരും ഉടൻ തന്നെ സർവ്വീസിലേക്ക് തിരിച്ചെത്തും. പിണറായി സർക്കാരിന്റെ കാലത്ത് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥരാണ് ഇരുവരും. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിനിർത്തപ്പെട്ടിരുന്ന രണ്ട് പ്രമുഖ ഉദ്യോഗസ്ഥരെയും ഒരേസമയം സർവ്വീസിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഭരണകേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വിവിധ ചട്ടലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു എൻ. പ്രശാന്ത്. ചീഫ് സെക്രട്ടറിയെ പരസ്യമായി വിമർശിച്ചു, മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നിലപാടെടുത്തു, മാധ്യമങ്ങളോട് ചട്ടവിരുദ്ധമായി സംസാരിച്ചു തുടങ്ങി പല കാരണങ്ങളാൽ ഒൻപതോളം സസ്പെൻഷൻ നടപടികളാണ് പ്രശാന്തിനെതിരെ ഘട്ടങ്ങളായി ഉണ്ടായിരുന്നത്. നീണ്ട നാളത്തെ അച്ചടക്ക നടപടികൾക്കൊടുവിലാണ് പ്രശാന്തിന് ഇപ്പോൾ സർവ്വീസിലേക്ക് തിരിച്ചെത്താൻ വഴിതെളിഞ്ഞിരിക്കുന്നത്.
മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് കഴിഞ്ഞ ഒന്നരമാസമായി സസ്പെൻഷനിലായിരുന്നു. ഏപ്രിൽ 29-നായിരുന്നു ബി. അശോകിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമർശിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിച്ചുവെന്നും സിവിൽ സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചുവെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അശോകിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഇരുവർക്കും പുതിയ വകുപ്പുകളിൽ ഉടൻ തന്നെ നിയമനം നൽകുമെന്നാണ് പൊതുഭരണ വകുപ്പിൽ നിന്നുള്ള വിവരം.















