പാരിസ്: ഉഷ്ണതരംഗത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുതീ പടരുന്നു. ഫ്രാൻസിലും സ്പെയിനിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമായി തുടരുകയാണ്. വൻതോതിൽ തീ പടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലുമായി ഇതിനകം മൂന്ന് ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അവസ്ഥ കൂടുതൽ വഷളായതിനെ തുടർന്ന് സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്തത്ര വലിയ ദുരന്തമുഖത്താണ് രാജ്യമുള്ളതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി പ്രതികരിച്ചു.
വരണ്ട ശക്തമായ കാറ്റുംയ ഉയർന്ന താപനിലയും പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്ത തടസ്സമാണ് സൃഷ്ടിക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ അടിയന്തര സഹായം തേടി. അഗ്നിശമന സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളിലും തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്.
സ്പെയിനിൽ തലസ്ഥാനമായ മഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും വെവ്വേറെ പടർന്നുപിടിച്ച വൻ കാട്ടുതീകൾ പിന്നീട് ഒന്നായി മാറിയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഫ്രാൻസിൽ മാത്രം 19,000 ഹെക്ടറിലധികം വനഭൂമി ഇതിനകം കത്തിനശിച്ചു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ കുടുങ്ങിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ നൂറുകണക്കിന് ബോട്ടുകൾ ഉപയോഗിച്ചാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.















