ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും ‘ഇന്ത്യ’ മുന്നണി എംപിമാർ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് മാർച്ചിൽ നാടകീയ രംഗങ്ങൾ. കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധ്ര, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പാർലമെന്റ് സ്ട്രീറ്റിൽ വെച്ച് പോലീസ് ബാരിക്കേഡുകൾ ഉയർത്തി മാർച്ച് തടഞ്ഞതിനെത്തുടർന്ന് നേതാക്കൾ പ്രദേശത്ത് കുത്തിയിരിപ്പ് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനപ്രതിനിധികളായ 300-ഓളം എംപിമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുമതി നിഷേധിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും, വിഷയത്തിൽ നിയമനടപടി സ്വീകരിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പോലീസ് ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും മുദ്രാവാക്യം വിളിച്ചത് സ്ഥലത്ത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് ആകാശവാണി ഭവന് മുന്നിൽ മണിക്കൂറുകളോളം നീണ്ട ധർണയ്ക്കൊടുവിലാണ് പോലീസെത്തി നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കിയത്. പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, അഭിഷേക് ബാനർജി, കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളെയും പോലീസിന്റെ കസ്റ്റഡി ബസിൽ കയറ്റി കൊണ്ടുപോയി. പ്രതിപക്ഷ നേതാക്കളുടെ കസ്റ്റഡിയിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധമുയരുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
















