ന്യൂയോര്‍ക്ക്: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജ്യത്തേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി താരിഖ് റഹ്മാന് സര്‍ക്കാരിന് മുന്നറിയിപ്പുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന് മൈക്കല്‍ റൂബിന്. ഹസീനയ്ക്കോ അവരോടൊപ്പം മടങ്ങിയെത്തുന്നവര്ക്കോ എന്തെങ്കിലും അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബംഗ്ലാദേശ് സര്‍ക്കാരിനായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ന്യൂയോര്‍ക്കില്‍ നടന്ന ‘ബംഗ്ലാദേശിന്റെ ഭാവി’ എന്ന സെമിനാറിലായിരുന്നു റൂബിന്റെ പ്രതികരണം. ഹസീനയുടെ ഒരു മുടിനാരിഴയ്ക്ക് പോലും അപകടമുണ്ടായാല്‍ അതിന് ഉത്തരവാദികള്‍ സര്‍ക്കാരും അതിന്റെ അധികാരികളുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2002 മുതല്‍ 2004 വരെ പെന്റഗണില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള റൂബിന്, ധാക്കയ്ക്ക് ഇതേ സന്ദേശം കൈമാറാന്‍ അമേരിക്കന്‍ അംബാസഡറോടും മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോടും ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യ വിട്ടുവീഴ്ച ചെയ്യരുതെന്നും ഷെയ്ഖ് ഹസീനയ്ക്ക് പിന്തുണ തുടരണമെന്നും റൂബിന് ആവശ്യപ്പെട്ടു. ഹസീനയുടെ തിരിച്ചുവരവിന്റെ കാര്യത്തില്‍ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹസീനയുടെ മടക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിഷയം നിര്‍ണായകമാകുമെന്ന സൂചനകള്‍ക്കിടെയാണ് റൂബിന്റെ പ്രസ്താവന. 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരത്തില്‍നിന്ന് പുറത്തായ ഹസീന അന്നുമുതല്‍ ഇന്ത്യയിലാണ് കഴിയുന്നത്.
ഡിസംബര്‍ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് പദ്ധതിയെന്ന് ഹസീന നേരത്തെ അറിയിച്ചിരുന്നു. 1971ലെ പാകിസ്ഥാനില്‍നിന്നുള്ള ബംഗ്ലാദേശിന്റെ വിമോചനത്തിന്റെ വാര്‍ഷികദിനത്തിലാണ് മടക്കമെന്നാണ് അവരുടെ വക്താവ് സയ്യിദ് മൊസമ്മല്‍ അലി അറിയിച്ചത്. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് ഹസീനയെ ഇന്ത്യയിലെത്തിച്ചതെന്നും അതിനാല്‍ ഡല്‍ഹിയില്‍നിന്ന് ധാക്കയിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ വിമാനസൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാവിരുദ്ധമായ സാഹചര്യത്തിലാണ് ഹസീനയെ രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ടതെന്നും അതിനാല്‍ വിജയദിനമായ ഡിസംബര്‍ 16ന് തിരിച്ചെത്താനുള്ള സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കൊപ്പം ആവശ്യമായ യാത്രാരേഖകളും പുനഃസ്ഥാപിക്കണമെന്ന് ഹസീന ആവശ്യപ്പെട്ടിട്ടുണ്ട്.
ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി ഷമ ഒബൈദ് ഇസ്ലാം വ്യക്തമാക്കി. ഹസീനയ്ക്ക് വധശിക്ഷ ലഭിക്കാവുന്ന കേസുകള്‍ നിലവിലുണ്ടെന്നും നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. അവര്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യുമെന്നും തുടര്‍ന്ന് നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹസീനയെ തിരികെ കൊണ്ടുവരാന്‍ വിമാനം അയക്കുന്ന കാര്യത്തില്‍ ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അറിയിച്ചു. ഹസീനയുടെ പ്രഖ്യാപിത മടക്കത്തീയതി അടുത്തുവരുന്നതിനിടെ വിഷയത്തില്‍ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും നിലപാടുകള്‍ നിര്ണായകമാകുകയാണ്.
Bangladesh bears full responsibility if any harm befalls Sheikh Hasina: Former Pentagon official issues warning
















