ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്സിനെ വരവേല്ക്കുവാനായി ഒരുക്കപ്പെടുന്ന ഹെവന്‍ലി ട്രമ്പറ്റ് എന്ന ക്രിസ്തിയ സംഗീത വിരുന്ന് നവംബര്‍ 28 ശനിയാഴ്ച (നാളെ) വൈകിട്ട് 5 മുതല്‍ 7 മണി വരെ ഡാലസിലെ പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ച് (3760,14th St, Plano, Tx 75074) നടത്തപ്പെടും.
ഭദ്രാസനത്തിന്റെ ചുമതലയിലുള്ള സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ (RAC) നേതൃത്വത്തില്‍ ഡാലസ്, ഹ്യൂസ്റ്റണ്‍, ഓസ്റ്റിന്‍, സാന്‍ അന്റോണിയോ , ലബ്ബക്ക്, ഓക്ലഹോമ, കാന്‍സസ് തുടങ്ങിയ പ്രദേശങ്ങളിലെ മാര്‍ത്തോമ്മാ ദേവാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 80 ല്‍ പരം ഗായകര്‍ ഒത്തൊരുമിച്ച് ഒരുക്കുന്ന സംഗീത വിരുന്നും, സണ്ടേ സ്കൂള്‍ കുട്ടികള്‍ ഒരുക്കുന്ന വിസ്മയ കലാ ദൃശ്യങ്ങളും ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്.
ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയില്‍ നടത്തപ്പെടുന്ന ഹെവന്‍ലി ട്രമ്പറ്റ് എന്ന ഈ സംഗീത വിരുന്ന് ഗായകനും, സംഗീത സംവിധായകനുമായ റവ. റോബിന് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നാളെ ഡാലസിലെ പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഈ സംഗീത വിരുന്നിലേക്ക് (പ്രവേശനം സൗജന്യം) എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.ജോയല്‍ സാമുവല്‍ തോമസ് , RAC വൈസ് പ്രസിഡന്റ് റവ. ഗീവര്‍ഗീസ് കൊച്ചുമ്മന്‍, സെക്രട്ടറി ഡോ. സിജി ടോം ഫിലിപ്പ്, ട്രഷറാര്‍ ജെഫ് തോമസ്, അക്കൗണ്ടന്റ് ഷെലിന് വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ഷാജി എസ് രാമപുരം എന്നിവര്‍ അറിയിച്ചു.
മാര്‍ത്തോമ്മ സഭയുടെ സംഗീത വിഭാഗമായ ഡിപ്പാര്‍ട്മെന്റ് ഓഫ് സേക്രട്ട് മ്യൂസിക്ക് ആന്റ് കമ്മ്യൂണിക്കേഷനും (DSMC), ഭദ്രാസനത്തിന്റെ മീഡിയ വിഭാഗമായ മാര്‍ത്തോമ്മ മീഡിയായിലൂടെയും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
A Christian musical feast featuring over 80 singers to be held in Dallas tomorrow
















