പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേരിടുന്ന ആഭ്യന്തര പ്രതിസന്ധി പാർലമെന്ററി പാർട്ടിയിലെ വലിയ പിളർപ്പിലേക്ക് നീങ്ങുന്നു. പാർട്ടിയിലെ 42 എം.പിമാരിൽ ഇരുപതോളം പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ഭരണകക്ഷിയായ ബി.ജെ.പി. നീക്കങ്ങൾ ശക്തമാക്കിയതായാണ് വിവരം. ഇതിന്റെ ഭാഗമായി ഈ തൃണമൂൽ എം.പിമാർ ഉടൻ തന്നെ ഡൽഹിയിലെത്തുമെന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ബി.ജെ.പി. ദേശീയ അധ്യക്ഷനുമായി നിർണായക കൂടിക്കാഴ്ച നടത്തുമെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സൂചനയുണ്ട്.
തൃണമൂലിന്റെ ആകെ 29 ലോക്സഭാ എം.പിമാരിലും 13 രാജ്യസഭാ എം.പിമാരിലും പകുതിയോളം പേർ ബി.ജെ.പി. ദേശീയ നേതൃത്വവുമായി നേരിട്ട് ചർച്ചകൾ നടത്തുന്നത് മമത ബാനർജിക്ക് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്. നിയമസഭയിൽ 59 എം.എൽ.എമാരുടെ പിന്തുണയോടെ വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇപ്പോൾ എം.പിമാരും കൂട്ടത്തോടെ പാർട്ടി വിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം മമത ബാനർജി വിളിച്ച യോഗത്തിൽ കേവലം ആറ് എം.പിമാർ മാത്രമാണ് പങ്കെടുത്തത് എന്നതും ശ്രദ്ധേയമാണ്.
പാർട്ടി കൈവിട്ടുപോകുന്ന കടുത്ത പ്രതിസന്ധി നേരിടാൻ മമത ബാനർജി തന്റെ വസതിയിൽ അടിയന്തര അനുനയ യോഗം വിളിച്ചെങ്കിലും അതും പൂർണ്ണ പരാജയമായി. ഇന്ന് നടന്ന യോഗത്തിൽ വെറും 7 എം.എൽ.എമാരും 4 എം.പിമാരും മാത്രമാണ് മമതയ്ക്ക് പിന്തുണയുമായി എത്തിയത്. പാർട്ടിയിലെ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിൽക്കണമെന്നും മമത യോഗത്തിൽ അഭ്യർത്ഥിച്ചെങ്കിലും ഭൂരിഭാഗം നേതാക്കളും വിട്ടുനിന്നത് തൃണമൂലിൽ മമതയുടെ പതനം പൂർണ്ണമാകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.















