ഡാലസിലേക്ക് ലോക മലയാളികളെ സ്വാഗതം ചെയ്ത് WMC അമേരിക്കന്‍ റീജിയന്‍; ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ആവേശകരമായ ഒരുക്കങ്ങള്‍

ഡാലസിലേക്ക് ലോക മലയാളികളെ സ്വാഗതം ചെയ്ത് WMC അമേരിക്കന്‍ റീജിയന്‍;  ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ആവേശകരമായ ഒരുക്കങ്ങള്‍

പിന്റോ കണ്ണംപള്ളി

ഡാലസ്: ലോകമെമ്പാടുമുള്ള മലയാളികളുടെ മഹാസംഗമമായ വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2026-ല്‍ കുടുംബസമേതം പങ്കുചേരാന്‍ ലോക മലയാളികളോട് അമേരിക്കന്‍ റീജിയന്‍ നേതൃത്വം ഹൃദയപൂര്‍വ്വം ആഹ്വാനം ചെയ്തു. ആഗസ്റ്റ് 21 മുതല്‍ 24 വരെ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഡാലസിലുള്ള വിന്‍ധം ഹോട്ടലില്‍ നടക്കുന്ന ഈ മഹാസമ്മേളനം, ലോക മലയാളികളുടെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ചരിത്ര മുഹൂര്‍ത്തമാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

അമേരിക്കന്‍ റീജിയന്‍ ചെയര്‍മാന്‍ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണംപള്ളി, ജനറല്‍ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറര്‍ നിവിന്‍ വില്‍ഫ്രഡ് എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ ആഹ്വാനം.

മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളി സമൂഹത്തെ ഒരു കുടുംബമായി ചേര്‍ത്തുനിര്‍ത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കാന്‍ അമേരിക്കന്‍ റീജിയന് ലഭിച്ചിരിക്കുന്ന അവസരം അഭിമാനകരമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഡാലസില്‍ ഒത്തുചേര്‍ന്ന് സൗഹൃദത്തിന്റെയും സേവനത്തിന്റെയും സംസ്‌കാരത്തിന്റെയും പുതുചരിത്രം രചിക്കേണ്ട സമയമാണിത്. ഓരോ മലയാളിയും ഈ മഹാസംഗമത്തിന്റെ ഭാഗമാകണം, അമേരിക്കന്‍ റീജിയന്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മേളനത്തെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഗതാഗത മന്ത്രി സി.പി. ജോണ്‍, പ്രശസ്ത ചലച്ചിത്രതാരം മൈഥിലി റോയ്, കൂടാതെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളായി സമ്മേളനത്തില്‍ പങ്കെടുക്കും.

സംഘടനയുടെ സ്ഥാപക നേതാക്കെന്മാരില്‍ ചിലരായ ന്യൂ ജേഴ്സിയിലെ ആന്‍ഡ്രൂ പാപ്പച്ചനും ടെക്‌സസില്‍ നിന്നുള്ള ജോണ്‍ എബ്രഹാമും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. സംഘടനയുടെ വളര്‍ച്ചയ്ക്കും ആശയപാരമ്പര്യത്തിനും അടിത്തറ പാകിയ ഈ നേതാക്കളുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതല്‍ പ്രൗഢിയും ചരിത്രപ്രാധാന്യവും പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍, യുവജനങ്ങള്‍, വനിതാ പ്രതിനിധികള്‍ എന്നിവര്‍ ഒരേ വേദിയില്‍ സംഗമിക്കുന്ന ഈ ആഗോള സമ്മേളനം ആശയവിനിമയത്തിന്റെയും ബന്ധവികസനത്തിന്റെയും പുതിയ സാധ്യതകള്‍ തുറന്നിടുന്ന അപൂര്‍വ വേദിയായിരിക്കും.

സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, കലാവിരുന്നുകള്‍, സംഗീത-നൃത്ത അവതരണങ്ങള്‍, ഇന്ററാക്ടീവ് ഷോകള്‍, പ്രചോദനാത്മക പ്രഭാഷണങ്ങള്‍, ചര്‍ച്ചാവേദികള്‍, യുവജന-വനിതാ ഫോറങ്ങള്‍, കുടുംബസംഗമങ്ങള്‍, ലോകമെമ്പാടുമുള്ള മലയാളി പ്രതിഭകളെ അണിനിരത്തുന്ന വിസ്മയിപ്പിക്കുന്ന വിനോദപരിപാടികള്‍ എന്നിവ അരങ്ങേറും.

ലോകമെമ്പാടുമുള്ള റീജിയനുകളില്‍ നിന്ന് വന്‍ പങ്കാളിത്തം പരിപാടിയുടെ മാറ്റുകൂട്ടും എന്ന് സംഘടകര്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ റീജിയനുകളില്‍ നിന്നുള്ള പങ്കാളിത്ത പ്രഖ്യാപനങ്ങള്‍ ഇതിനോടകം ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

WMC മിഡില്‍ ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷൈന്‍ ചന്ദ്രസേനന്‍, തന്റെ റീജിയനില്‍ നിന്ന് 100 പ്രതിനിധികളെ ഡാലസിലേക്ക് എത്തിക്കുമെന്ന് ഉറപ്പുനല്‍കിയതായി അമേരിക്കന്‍ റീജിയന്‍ നേതൃത്വം അറിയിച്ചു. സംഘടനയെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥതയുടെയും പ്രതിബദ്ധതയുടെയും തെളിവായാണ് ഈ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.

മിഡില്‍ ഈസ്റ്റിലെ 13 പ്രവിശ്യകളെ ഏകോപിപ്പിച്ചും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നും ശ്രദ്ധേയമായ നേതൃത്വം നല്‍കിയ ഷൈന്‍ ചന്ദ്രസേനന്, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ജെറോ വര്‍ഗീസിന്റെയും രാജേഷ് പിള്ളയുടെയും സമര്‍പ്പണവും സംഘാടക മികവും WMC നേതൃത്വത്തിന്റെ പ്രത്യേക അഭിനന്ദനം നേടി.

അതുപോലെ, ജര്‍മ്മനി, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ഉള്‍പ്പെടെ ഏഴ് പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന യൂറോപ്പ് റീജിയനില്‍ നിന്ന് കുറഞ്ഞത് 50 പ്രതിനിധികളെയെങ്കിലും ഡാലസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന്, നിലവിലെ യൂറോപ്പ് റീജിയന്‍ പ്രീതിനിധി ജോളി തടത്തില്‍ സംഘാടക സമിതിയെ അറിയിച്ചു.

ഇന്ത്യ റീജിയനും സമ്മേളനത്തില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ ഇന്ത്യ റീജിയന്‍ കോണ്‍ഫറന്‍സ് കോ കണ്‍വീനര്‍ അറിയിച്ചതനുസരിച്ച്, 20 കുടുംബങ്ങള്‍ ഇതിനോടകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ഈ ആവേശകരമായ പ്രതികരണം സമ്മേളനത്തിന്റെ
സ്വീകാര്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.

WMCയുടെ മഹത്തായ പാരമ്പര്യത്തിലേക്ക് നോക്കിയാല്‍, 1995 ജൂലൈ 3-ന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നടന്ന ആദ്യ ലോക മലയാളി സമ്മേളനത്തിന്റെ സമാപനദിനത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപംകൊണ്ടത്. അതിനുശേഷം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും മാനവിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക സംരക്ഷണത്തിനും നേതൃത്വ വികസനത്തിനും വേദിയൊരുക്കിയ സംഘടനയായി WMC വളര്‍ന്നു.

കൊച്ചി (1998), ഡാലസ് (2000, 2012), ഡിംഗ്ഡന്‍-ജര്‍മ്മനി (2002), ബഹ്‌റൈന്‍ (2004, 2022), കൊച്ചി (2006), സിംഗപ്പൂര്‍ (2008), ദോഹ (2010), കുമരകം (2014), കൊളംബോ (2016), ബോണ്‍-ജര്‍മ്മനി (2018), തിരുവനന്തപുരം (2024) എന്നിവിടങ്ങളിലെ വിജയകരമായ സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് ഡാലസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

ഗ്ലോബല്‍ നേത്ര്വത്വം

  • ഗോപാല പിള്ള – ചെയര്‍മാന്‍
  • ജോണ്‍ മാതായി – പ്രസിഡന്റ്
  • ക്രിസ്റ്റഫര്‍ വര്‍ഗീസ് – ജനറല്‍ സെക്രട്ടറി
  • ശശികുമാര്‍ നായര്‍ – ട്രഷറര്‍

കോണ്‍ഫറന്‍സ് കണ്‍വീനര്‍
ജോണ്‍സന്‍ തലച്ചെല്ലൂര്‍
കോണ്‍ഫറന്‍സ് കോ-കണ്‍വീനര്‍മാര്‍

  • നൈനാന്‍ മാതായി – ഫിലാഡല്‍ഫിയ
  • സാം ലൂക്ക് മണ്ണിക്കരോട്ടു – ന്യൂയോര്‍ക്ക്
  • അനീഷ് ജെയിംസ് – ന്യൂജേഴ്സി
  • ജോളി പടയാട്ടില്‍ – ജര്‍മ്മനി
  • ശ്രീജിത്ത് – ഇന്ത്യ
  • ബാബു തങ്കലത്തില്‍ – മിഡില്‍ ഈസ്റ്റ്

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
രജിസ്‌ട്രേഷന്‍ കമ്മിറ്റി (സോണി കണ്ണോത്തുതറ), ഫിനാന്‍സ് കമ്മിറ്റി (ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ജോണ്‍ മാതായി, ഗോപാല പിള്ള), ഫണ്ട് റൈസിംഗ് കമ്മിറ്റി (നൈനാന്‍ മാതായി, സുകു വര്‍ഗീസ്), സുവനീര്‍ കമ്മിറ്റി (സാം മണ്ണിക്കരോട്ടു, ശ്രീജിത്ത് എം.ജി.), പബ്ലിസിറ്റി & പബ്ലിക് റിലേഷന്‍സ് കമ്മിറ്റി (ക്രിസ്റ്റഫര്‍ വര്‍ഗീസ്, Dr. സൂസന്‍ ചാണ്ടി), ഹോസ്പിറ്റാലിറ്റി കമ്മിറ്റി (സ്മിത ജോസഫ്, മറിയാമ്മ ജോര്‍ജ്), ലോജിസ്റ്റിക്‌സ് കമ്മിറ്റി (ജോസഫ് മാത്യു), റിസപ്ഷന്‍ കമ്മിറ്റി (ലിജി സോയ്, ശാന്ത പിള്ള, ആലിസ് മഞ്ചേരി, ആന്‍സി തലച്ചെല്ലൂര്‍), പ്രോഗ്രാം കമ്മിറ്റി (ശ്രീജിത്ത് എം.ജി., സ്മിത സോണി), കള്‍ച്ചറല്‍ കമ്മിറ്റി (ആന്‍സി തലച്ചെല്ലൂര്‍, അജി പണിക്കര്‍), ഓഡിയോ-വിഷ്വല്‍ കമ്മിറ്റി (ജിമ്മി ജോര്‍ജ്, അനിയന്‍കുഞ്ഞ്), ഫോട്ടോഗ്രഫി കമ്മിറ്റി എന്നിവര്‍ സമ്മേളനത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചുവരികയാണ്.

ഡാലസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഒരു സാധാരണ സമ്മേളനമല്ല, മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മഹത്തായ ആഗോള കുടുംബസംഗമമാണ്. പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും, പുതുതലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്‌കാരവും കൈമാറാനും ഈ വേദി അവസരമൊരുക്കും.

അമേരിക്ക റീജിയന്‍ മുന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്ക്‌ലത്ത്, ന്യൂ ജേഴ്സിയിലെ വിവിധ പ്രൊവിന്‍സുകളുടെ പ്രസിഡന്റുമാരായ ജോണ്‍ സാംസണ്‍, ജിനു തരിയന്‍ എന്നിവരും പ്രമുഖ നേതാക്കളായ ലിബിന്‍ ബെന്നി, ജേക്കബ് എഫ്രേം, ബോബി തോമസ്, ആലിസ് സ്റ്റീഫന്‍ തുടങ്ങിയവരും സമ്മേളനത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമങ്ങളുമായി രംഗത്തുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

ലോകത്തിന്റെ ഏത് കോണിലായിരുന്നാലും എല്ലാ മലയാളികളെയും കുടുംബസമേതം ഡാലസിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായി, അമേരിക്കന്‍ റീജിയന്‍ ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു.

WMC American Region welcomes Malayalis from around the world to Dallas; Exciting preparations for the Global Conference from August 21-24

Share Email
LATEST excelnclexrn
More Articles
Top