കൊച്ചി ലേക്ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവ കച്ചവടവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ നിർണായക നീക്കം.കേസിന്റെ ഭാഗമായി ലേക്ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർക്ക് വൻതുക കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. പ്രതിസ്ഥാനത്തുള്ള ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി വിശദമായി പരിശോധിച്ചുവരികയാണ്. ഡോക്ടർമാരുടെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചും കേന്ദ്രീകൃതമായ അന്വേഷണം നടക്കുന്നുണ്ട്.നിയമപരമായ മാനദണ്ഡങ്ങൾ മറികടക്കാൻ വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും ചമച്ചതായാണ് കണ്ടെത്തൽ.
അവയവ മാഫിയയുമായി ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും നേരിട്ട് പങ്കുണ്ടോ എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇഡിയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
















