വാഷിംഗ്ടണ്‍: ഇസ്രയേലും ലെബനനും തമ്മിലുള്ള അടുത്തഘട്ട സമാധാന ചര്‍ച്ചകള്‍ ഓഗസ്റ്റ് 4 മുതല്‍ 6 വരെ ഇറ്റലിയിലെ റോമില്‍ നടക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടെ തെക്കന്‍ ലെബനനിലെ രണ്ട് ‘പൈലറ്റ് സോണുകളില്‍’ നിന്ന് ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്മാറുന്നതും പ്രധാന ചര്‍ച്ചാ വിഷയമാകും.
അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, റോമില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇസ്രയേല്‍-ലെബനന്‍ ചട്ടക്കൂട് കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നതിനുള്ള നടപടികളാകും വിലയിരുത്തുക. പൈലറ്റ് സോണുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കല്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, ദീര്‍ഘകാല സമാധാന-സുരക്ഷാ കരാറിലേക്ക് എത്തല്‍ എന്നിവയും അജന്‍ഡയിലുണ്ട്.
ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മില്‍ മാര്‍ച്ച് 2ന് ആരംഭിച്ച യുദ്ധത്തെ തുടര്‍ന്നാണ് ഈ ചട്ടക്കൂട് കരാര്‍ രൂപംകൊണ്ടത്. കരാര്‍ പ്രകാരം യുദ്ധം അവസാനിപ്പിക്കുക, ഹിസ്ബുല്ലയെ നിരായുധമാക്കുക, തെക്കന്‍ ലെബനനില്‍ ലെബനന്‍ സൈന്യത്തെ വിന്യസിക്കുക, ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്മാറുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
അതേസമയം, തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ഇപ്പോഴും സൈനിക നടപടികള്‍ തുടരുന്നതായി ലെബനന്‍ സൈന്യം ആരോപിച്ചു. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇസ്രയേല്‍ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടരുന്നത് കരാര്‍ നടപ്പാക്കുന്നതിന് തടസ്സമാകുന്നുവെന്നാണ് ലെബനന്റെ ആരോപണം.
Israel-Lebanon talks to begin in Rome on August 4; moves towards a peace agreement accelerate.
















