തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും ന്യൂസ് എഡിറ്ററുമായ കെ.ആർ. അജയനെതിരെ നടപടി കടുപ്പിച്ച് ദേശാഭിമാനി മാനേജ്‌മെന്റ്. സ്ഥാപനത്തിൽ നിന്ന് ഒന്നുകിൽ രാജിവെക്കുക, അല്ലെങ്കിൽ ശമ്പളമില്ലാത്ത ദീർഘകാല അവധിയിൽ പ്രവേശിക്കുക എന്നീ കർശന നിർദേശങ്ങളാണ് മാനേജ്‌മെന്റ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് കെ.ആർ. അജയന് വാക്കാൽ ഈ നിർദേശം നൽകിയത്. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് മാനേജ്‌മെന്റ് നടപടികളിലേക്ക് കടന്നത്.
വാരാന്തപ്പതിപ്പിന്റെ അവസാന പേജിൽ ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനം വിവാദമായതിനെത്തുടർന്ന് നേരത്തെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. എഡിറ്റോറിയൽ ചർച്ചയിൽ തലക്കെട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടാമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് ആ ലക്കം അച്ചടിച്ച ശേഷം വിതരണം ചെയ്യാതെ മാറ്റിവെച്ചത്. ടി. ചന്ദ്രമോഹന് പകരം ചുമതല നൽകുകയും അജയനോട് കാരണം കാണിക്കൽ നോട്ടീസ് ചോദിക്കുകയും ചെയ്തിരുന്നു.
ലേഖനത്തിന്റെ തലക്കെട്ടിൽ പാർട്ടി വിരുദ്ധമായി ഒന്നുമില്ലെന്നും വിഷയം ചിത്രീകരിച്ച രീതിയിലാണ് ആ തലക്കെട്ട് നൽകിയതെന്നുമായിരുന്നു അജയൻ നൽകിയ വിശദീകരണം. എന്നാൽ, മാനേജ്‌മെന്റ് ഈ വിശദീകരണം തള്ളുകയും അച്ചടക്ക നടപടിയുടെ ഭാഗമായി രാജിയോ അവധിയോ ആവശ്യപ്പെടുകയുമായിരുന്നു.
അടുത്ത ഫെബ്രുവരിയിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കെ.ആർ. അജയനെതിരെ ചീഫ് എഡിറ്ററുടെ ഭാഗത്തുനിന്ന് കടുത്ത നിലപാടുണ്ടായിരിക്കുന്നത്. ചുമതലയിൽ നിന്ന് മാറ്റിയതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അജയൻ ഓഫീസിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

















