pulimoottil

എൽനിനോയും മഴക്കുറവും ; സംസ്ഥാനത്ത് ഇന്ന് രാത്രിയും പവർകട്ടിന് സാധ്യത

എൽനിനോയും മഴക്കുറവും ; സംസ്ഥാനത്ത് ഇന്ന് രാത്രിയും പവർകട്ടിന് സാധ്യത

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഇതിന്റെ ഭാഗമായി ഇന്ന് രാത്രിയും സംസ്ഥാനത്ത് പവർ കട്ടിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുന്ന വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാന വ്യാപകമായി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത.

ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതിരുന്നതിനാൽ ഇന്നലെയും സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ഇന്നലെ രാത്രി 07:15 മുതൽ അർദ്ധരാത്രി 12:15 വരെയാണ് സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി. സമാനമായ ഉൽപ്പാദന-വിതരണ പ്രതിസന്ധിയാണ് ഇന്നും നിലനിൽക്കുന്നത്.

കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവും ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവും കാരണം വരും ദിവസങ്ങളിലും സമാന സാഹചര്യം തുടർന്നേക്കുമെന്നാണ് സൂചന. പ്രതിസന്ധി കടുക്കുന്ന സാഹചര്യത്തിൽ, പീക്ക് സമയങ്ങളിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Share Email
LATEST excelnclexrn
More Articles
Top