pulimoottil

നിതിൻ രാജ് കേസ്: കോടതി വിട്ടയച്ച ഡോ. റാമിനെ കയ്യോടെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ചിന്റെ നടകീയ നീക്കം, നിയമവിരുദ്ധമെന്ന് അഭിഭാഷകൻ

നിതിൻ രാജ് കേസ്: കോടതി വിട്ടയച്ച ഡോ. റാമിനെ കയ്യോടെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ചിന്റെ നടകീയ നീക്കം, നിയമവിരുദ്ധമെന്ന് അഭിഭാഷകൻ

തലശ്ശേരി: കണ്ണൂർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിൻ്റെ അറസ്റ്റിനെ തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാടകീയ രം​ഗങ്ങൾ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതിയെ വിട്ടയച്ചെങ്കിലും, തൊട്ടുപിന്നാലെ ക്രൈം ബ്രാഞ്ച് സംഘം കോടതി വളപ്പിൽ നിന്ന് ഇയാളെ ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് നടപടി നിയമവിരുദ്ധമാണെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ എം. കിഷോർ കുമാർ പ്രതികരിച്ചു.

കർണാടകയിലെ കുടകിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. റാമിനെ ഇന്നലെ രാത്രിയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, താടി വെച്ചു രൂപം മാറി ആന്ധ്രയിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. അതേസമയം വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും എന്നാൽ ആരെയും മാനസികമായി ബുദ്ധിമുട്ടിക്കുകയോ ജാതീയമായി അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് റാം അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് പ്രതിക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്. നിതിന്‍ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോഴാണ് കേസിൽ നിർണായക നീക്കങ്ങൾ ഉണ്ടാകുന്നത്. കോടതി വിട്ടയച്ച പ്രതിയെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തതോടെ കേസ് നടപടികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

Nithin Raj Case: Dramatic Scenes in Court as Released Dr. Ram Re-custodied by Crime Branch

Share Email
LATEST excelnclexrn
Top