pulimoottil

കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് മാർച്ച് തടഞ്ഞു; ദില്ലിയിൽ വീണ്ടും സംഘർഷം, മെട്രോ സ്റ്റേഷനുകൾ അടച്ചു

കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് മാർച്ച് തടഞ്ഞു; ദില്ലിയിൽ വീണ്ടും സംഘർഷം, മെട്രോ സ്റ്റേഷനുകൾ അടച്ചു

കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പാർലമെന്റ് പൊലീസ് മാർച്ച് തടഞ്ഞതോടെ തലസ്ഥാന നഗരി വീണ്ടും കടുത്ത സംഘർഷഭരിതമായി. പാർലമെന്റ് മന്ദിരത്തിന് സമീപം വച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായി. പൊലീസ് മാർച്ചിന് നേരെ ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സമരം കടുത്തതോടെ ദില്ലിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതിഷേധം മെട്രോ സ്റ്റേഷനുകളിലേക്കും വ്യാപിച്ചതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പല മെട്രോ സ്റ്റേഷനുകളും താൽക്കാലികമായി അടച്ചുപൂട്ടി.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയും പാർലമെന്റ് ഗേറ്റിന് സമീപമടക്കം പലതവണ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന ഗേറ്റുകളെല്ലാം പൊലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതിനിടെ, തങ്ങളുടെ പ്രമുഖ നേതാവായ അഭിജീത്ത് ദീപ്കയെ പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുത്തതായി സി.ജെ.പി നേതൃത്വം ആരോപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത അടിച്ചമർത്തലാണ് ഉണ്ടായതെന്നും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പാർട്ടി വക്താക്കൾ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇതേ വിഷയമുന്നയിച്ച് പാർലമെന്റിനകത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്ന് ഇരുസഭകളും നാലിലേറെ തവണയാണ് നിർത്തിവയ്ക്കേണ്ടി വന്നത്. പ്രതിഷേധം നിയന്ത്രണാതീതമായതോടെ ലോക്സഭ ഉച്ചയ്ക്ക് 2.30 വരെ താൽക്കാലികമായി നിർത്തിവച്ചു. തെരുവിലെ സംഘർഷത്തിനൊപ്പം പാർലമെന്റിനകത്തും ഭരണ-പ്രതിപക്ഷ പോര് മുറുകിയതോടെ ദില്ലിയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

Share Email
LATEST excelnclexrn
More Articles
Top