കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാൻ അമേരിക്ക ഇറാന് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് മൗണ്ട് റഷ്മോറിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ ഈ പരാമർശം. തങ്ങൾ ഇറാനെ കഠിനമായി ആക്രമിച്ചുവെന്നും അവർ ഇപ്പോൾ ഒത്തുതീർപ്പിന് തയ്യാറായിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
തങ്ങൾ നല്ലവരും മനുഷ്യത്വമുള്ളവരുമായതുകൊണ്ടാണ് സംസ്കാര ചടങ്ങുകൾ നടത്താൻ ഇറാന് ഒരാഴ്ചത്തെ സമയം നൽകിയതെന്ന് ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു. ഈ ആക്രമണത്തിലൂടെ ഇറാൻ നേതൃത്വത്തിന്റെ ആത്മവിശ്വാസം അമേരിക്ക പൂർണ്ണമായും തകർത്തുവെന്നും വെനസ്വേലയിലും അമേരിക്ക അതിവേഗം വിജയം കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണ് അമേരിക്കയുടേതെന്നും ട്രംപ് അവകാശപ്പെട്ടു.
തീരുവ നയങ്ങൾ കാരണം വിദേശ നിക്ഷേപം വൻതോതിൽ എത്തിയെന്നും രാജ്യത്തുടനീളം പുതിയ ഫാക്ടറികൾ സ്ഥാപിക്കപ്പെടുകയാണെന്നും വ്യക്തമാക്കിയ ട്രംപ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ റെക്കോർഡ് വളർച്ചയിലാണെന്നും അവകാശപ്പെട്ടു. അതേസമയം, ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ഇറാനിൽ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ വിവിധ നഗരങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാന്റെ വിലയിരുത്തൽ.
















