മിസിസിപ്പി: മിസിസിപ്പിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 18 കാരന്‍ മദ്യലഹരിയിലാ യിരുന്നുവെന്നു സാക്ഷിമൊഴി. നോളന്‍ വെല്‍സ് എന്ന 18കാരനെയാണ് ദുരൂഹസാഹചരപ്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.യുവാവിനെ കാണാതാകുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് സാക്ഷിമൊഴി. മിസിസിപ്പി മറൈന്‍ റിസോഴ്സസ് വകുപ്പിന്റെ പ്രാഥമിക അന്വേഷണ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ നാലിന് ഹോണ്‍ ഐലന്‍ഡില്‍ നിന്ന് കാണാതായ നോളന്റെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്.
എന്നാല്‍ എങ്ങനെയാണ് മരണമെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാന മെഡിക്കല്‍ എക്‌സാമിനറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ടോക്‌സിക്കോളജി പരിശോധനാ ഫലവും പുറത്തുവരാനുണ്ട്. കുടുംബം നടത്തിയ സ്വകാര്യ പോസ്റ്റ്‌മോര്‍ട്ടത്തിലും ‘അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മരണകാരണം നിര്‍ണയിക്കാനാകില്ല’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, നോളന്‍ മുങ്ങിമരിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ കുറ്റകൃത്യത്തിന്റെ വ്യക്തമായ സൂചനകളൊന്നും നിലവില്‍ ലഭിച്ചിട്ടില്ലെന്ന് ജാക്‌സണ്‍ കൗണ്ടി ഷെരീഫ് ജോണ്‍ ലെഡ്‌ബെറ്റര്‍ അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബം സ്വതന്ത്ര അന്വേഷണം നടത്തുന്നതിനെ പൊലീസ് സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോണ്‍ ഐലന്‍ഡിലേക്ക് നോളനൊപ്പം പോയ സുഹൃത്തുക്കളുടെ മൊഴിപ്രകാരം, മടങ്ങുമ്പോള്‍ നോളന്‍ ഒരു അജ്ഞാത യുവതിക്കൊപ്പം ദ്വീപില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളം കയറിത്തുടങ്ങിയതിനാലാണ് തങ്ങള്‍ക്ക് ബോട്ടുമായി തീരത്തേക്ക് മടങ്ങേണ്ടിവന്നതെന്നും സുഹൃത്തുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ബോട്ടിന്റെ ജിപിഎസ് വിവരങ്ങളും ഇത് ശരിവയ്ക്കുന്നതായി അന്വേഷണ രേഖകള്‍ വ്യക്തമാക്കുന്നു.
Witness testimony reveals that the 18-year-old who died under mysterious circumstances in Mississippi was intoxicated; the cause of death remains unknown.
















