തിരുവനന്തപുരം: കെസിഎല്‍ കണ്ട ഏറ്റവും വലിയ ആവേശപ്പോരാട്ടങ്ങളിലൊന്നില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ കീഴടക്കി ട്രിവാണ്‍ഡ്രം റോയല്‍സ്. വിജയസാധ്യതകള്‍ പലകുറി മാറിമറിഞ്ഞ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന ഓവറില്‍ ആഞ്ഞടിച്ച് 22 റണ്‍സ് നേടുകയും നാല് വിക്കറ്റ് വീഴ്ത്തി ടീമിന് വിജയം ഒരുക്കുകയും ചെയ്ത റോയല്‍സിന്റെ എം നിഖിലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ട്രിവാണ്‍ഡ്രം റോയല്‍സ് – 20 ഓവറില്‍ 183/6 , കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് – 20 ഓവറില്‍ 178/9
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് രണ്ടാം ഓവരില്‍ തന്നെ അഭിഷേക് പി നായരുടെ (6) വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേര്‍ന്ന് കരുതലോടെയാണ് ബാറ്റ് വീശിയത്. 46 പന്തുകളില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ബൗളര്‍മാരെ സമര്‍ത്ഥമായി ഉപയോഗിച്ച രോഹന്‍ കുന്നുമ്മലിന്റെ തന്ത്രങ്ങളും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹരികൃഷ്ണനും അഖില്‍ സ്‌കറിയയും റോയല്‍സിന്റെ റണ്‍റേറ്റ് ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്തി. ഒന്‍പതാം ഓവറില്‍ അഖിന്‍ സത്താറിനെ സിക്‌സര്‍ പറത്തിയ കൃഷ്ണപ്രസാദ് തൊട്ടടുത്ത പന്തില്‍ അഖില്‍ സ്‌കറിയയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 26 പന്തുകളില്‍ 39 റണ്‍സാണ് കൃഷ്ണപ്രസാദ് നേടിയത്. അടുത്ത ഓവറില്‍ രണ്ട് റണ്‍സെടുത്ത ഗോവിന്ദ് ദേവ് പൈയും പുറത്തായി.
മറുവശത്ത് ഉറച്ചുനിന്ന വിഷ്ണു വിനോദും അക്ഷയ് മനോഹറും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോറിങ് വേഗം ഉയര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് വിഷ്ണു വിനോദ് പുറത്തായത്. 39 പന്തുകളില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 59 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. അക്ഷയ് മനോഹര്‍ 22 റണ്‍സെടുത്ത് മടങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സിജോമോന്‍ ജോസഫും എം നിഖിലും ചേര്‍ന്നാണ് റോയല്‍സിന്റെ സ്‌കോര്‍ 183ല്‍ എത്തിച്ചത്. അവസാന ഓവറില്‍ ഒരു ഫോറും മൂന്നു സിക്‌സും നേടിയ നിഖില്‍ അഞ്ച് പന്തുകളില്‍ നിന്ന് 22 റണ്‍സുമായി പുറത്താകാതെ നിന്നു. സിജോമോന്‍ ജോസഫ് 13 പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടി. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയയും അഖിന്‍ സത്താറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
വലിയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന്റെ തുടക്കം പാളി. നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (10) പുറത്തായി. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കാലിക്കറ്റിന് തിരിച്ചടിയായി. മൂന്ന് റണ്‍സ് മാത്രമെടുത്ത വരുണ്‍ നായനാര്‍ വീണ്ടും നിരാശപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനാകാറുള്ള അഖില്‍ സ്‌കറിയ എട്ട് റണ്‍സുമായി മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന കെ എസ് അരവിന്ദും (36) ടീമിന്റെ ബാറ്റിങ് കരുത്തായ കൃഷ്ണദേവനും (9) കൂടി മടങ്ങിയതോടെ കാലിക്കറ്റിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചെന്നാണ് ഏവരും കരുതിയത്.
എന്നാല്‍ സല്‍മാന്‍ നിസാറും അബ്ദുള്‍ ബാസിദും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് വലിയൊരു തിരിച്ചുവരവിന് തിരികൊളുത്തി. വെറും 17 പന്തില്‍ ഇരുവരും ചേര്‍ന്ന് 42 റണ്‍സ് അടിച്ചുകൂട്ടിയതോടെ കാലിക്കറ്റിന്റെ വിജയപ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. പക്ഷേ, അര്‍ദ്ധസെഞ്ചുറി തികച്ച തൊട്ടടുത്ത പന്തില്‍ സല്‍മാന്‍ നിസാര്‍ പുറത്തായത് കാലിക്കറ്റിന് തിരിച്ചടിയായി. എം നിഖിലിന്റെ പന്തില്‍ വി അജിത് ക്യാച്ചെടുത്താണ് സല്‍മാന്‍ മടങ്ങിയത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ അബ്ദുള്‍ ബാസിദ് ഒരു വശത്ത് നിലയുറപ്പിച്ചതോടെ കളി വീണ്ടും ആവേശനിമിഷങ്ങളിലേക്ക് നീങ്ങി. രാഹുല്‍ ചന്ദ്രന്‍ എറിഞ്ഞ 19-ാം ഓവറില്‍ നാല് വൈഡും ഒരു നോബോളും അടക്കം 19 റണ്‍സ് പിറന്നു.
അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ കാലിക്കറ്റിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സാണ്. ആദ്യ പന്തില്‍ തന്നെ അബ്ദുള്‍ ബാസിദിനെ പുറത്താക്കി നിഖില്‍ ടീമിന് വിജയത്തിലേക്കുള്ള വഴിതുറന്നു. 17 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം 41 റണ്‍സായിരുന്നു ബാസിദ് നേടിയത്. തുടര്‍ന്നെത്തിയ അഖിന്‍ സത്താര്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ അഖിന്‍ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. കാലിക്കറ്റിന്റെ പോരാട്ടം 178ല്‍ അവസാനിച്ചതോടെ റോയല്‍സിനെ തേടി സീസണിലെ രണ്ടാം വിജയമെത്തി. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ എം നിഖിലിന്റെ പ്രകടനമാണ് റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. രാഹുല്‍ ചന്ദ്രന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
A commanding victory for Trivandrum, powered by Nikhil’s all-round brilliance.

















