പ്രമുഖ നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ പാർട്ടി വിട്ടു. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടൻ തന്നെ ബിജെപി നേതൃത്വത്തിന് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പൊതുവേദിയിൽ വെച്ചായിരുന്നു ബിജെപി വിടുന്നുവെന്നുള്ള നിർണായക പ്രഖ്യാപനം ദേവൻ നടത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് ചില അസ്വാരസ്യങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നതായി ദേവൻ പ്രസംഗത്തിൽ തുറന്നുപറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
2004-ൽ നവകേരള പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് ദേവൻ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. അക്കൊല്ലം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. പിന്നീട് കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്വന്തം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷം പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഇപ്പോൾ പടിയിറക്കം.

















