കണ്ണൂർ: ഒളിവിലിരുന്ന് സോഷ്യൽ മീഡിയയിലൂടെ കേരള പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് അതിസാഹസികമായി അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിയവെ കേസിൽ നിയമോപദേശം തേടുന്നതിനായി അഭിഭാഷകരെ കാണാനാണ് ഇയാൾ അപ്പാർട്ട്മെന്റിൽ എത്തിയത്.
ഇയാളെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിന് നൽകിയ നിർണായക വിവരമാണ് അറസ്റ്റിലേക്ക് വഴിതുറന്നത്. അർജുന്റെ പെരുമാറ്റത്തിലും രൂപത്തിലും സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ വിവരങ്ങൾ പൊലീസിന് കൈമാറുകയായിരുന്നു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസും ഡാൻസാഫ് സംഘവും അപ്പാർട്ട്മെന്റ് പൂർണമായി വളഞ്ഞാണ് പ്രതിയെ വലയിലാക്കിയത്.
സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ നിരന്തരം പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിന് പിന്നാലെ അർജുന് വേണ്ടി ഇത്തരം പോസ്റ്റുകൾ ഇട്ട ഇളയ സഹോദരൻ അജയ് ആയങ്കിയെ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാന പ്രതിയായ അർജുനും വലയിലാകുന്നത്. പിടിയിലായ ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി എത്തിക്കും.













