കണ്ണൂർ: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസുകളിലും മറ്റ് വിവിധ കുറ്റകൃത്യങ്ങളിലും പ്രതിയായ അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണത്തെ ഒരു വീട്ടുപറമ്പിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് ഈ വാഹനം. ചൊവ്വാഴ്ച യാത്രതിരിച്ച് ബുധനാഴ്ചയോടെയാണ് അർജുൻ ഈ കാറിൽ കണ്ണൂരിലെത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. എന്നാൽ, നിലവിൽ അർജുൻ കണ്ണൂരിൽ നിന്നും മുങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. കോതമംഗലം, ഊന്നുകൽ ഇൻസ്പെക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് അർജുൻ ഒളിവിൽ പോയത്.
ഇതിനുപിന്നാലെ, പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ശബ്ദസന്ദേശങ്ങളും പോസ്റ്റുകളും അർജുൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പ്രതിക്കായി തൃശൂർ, പാലക്കാട് അടക്കമുള്ള ജില്ലകളിൽ പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ, അർജുനുമായി അടുത്ത ബന്ധമുള്ള 21-ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തൃശൂരിൽ വെച്ച് അർജുന്റെ സഹോദരൻ അഖിലിനെയും മറ്റ് ചില സഹായികളെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അർജുനായി സംസ്ഥാന വ്യാപകമായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്.

















