swayamvara
pulimoottil

സി.എം.ആർ.എൽ മാസപ്പടിക്കേസ്: വീണയുടെ ഡയറിയിലെ ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇ.ഡി; വിമർശനവുമായി ദേശാഭിമാനിയും സിപിഎമ്മും

സി.എം.ആർ.എൽ മാസപ്പടിക്കേസ്: വീണയുടെ ഡയറിയിലെ ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇ.ഡി; വിമർശനവുമായി ദേശാഭിമാനിയും സിപിഎമ്മും

സി.എം.ആർ.എൽ മാസപ്പടിക്കേസിൽ വീണ വിജയന്റെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഊർജിതമാക്കി. കോഴിക്കോട്ടെ ഒമ്പത് ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ലഭിച്ച സാമ്പത്തിക ഇടപാട് രേഖകൾ ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്. വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പ്, ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സൊലസ് കമ്പനി എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം നടക്കുന്നത്.

ഡയറിയിലെ വിവരങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും ആധികാരികത ഉറപ്പാക്കാൻ കൈയ്യെഴുത്ത് സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനും ഇ.ഡി നീക്കം നടത്തുന്നുണ്ട്. ഓണാവധിക്കുശേഷം അടുത്ത ആഴ്ചയോടെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ തീരുമാനം. നിലവിലെ അന്വേഷണം വീണയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ മാത്രമാണെന്ന് ഇ.ഡി വ്യക്തമാക്കുമ്പോഴും, അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിൽ ദുരൂഹതയുണ്ടെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി വിമർശിച്ചു.

ഇ.ഡി നൽകുന്ന കഥകൾ മാധ്യമങ്ങൾ അതേപടി പ്രസിദ്ധീകരിക്കുകയാണെന്നും കുറ്റം തെളിയിക്കപ്പെടേണ്ടത് കോടതിയിലാണെന്നും ദേശാഭിമാനി വ്യക്തമാക്കി. അതിനിടെ, ഇ.ഡി കണ്ടെത്തിയ കാര്യങ്ങളിൽ ബന്ധപ്പെട്ടവർ പ്രതികരിക്കട്ടെയെന്നും എല്ലാം ജനങ്ങൾ കാണുന്നുണ്ടല്ലോ എന്നുമായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണം മന്ത്രി മുഹമ്മദ് റിയാസിലേക്കും പാർട്ടിയിലേക്കും തിരിച്ചുവിടാനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സി.പി.എം തീരുമാനം.

Share Email
Top