swayamvara
pulimoottil

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്? കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്? കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു

നാലര പതിറ്റാണ്ടായി കേരള പൊലീസിനെ വലയ്ക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് മരിച്ചെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നുവെന്ന് റിപ്പോർട്ട്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ചു തുടങ്ങിയ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന.

തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു മാസം മുൻപാണ് ക്രൈംബ്രാഞ്ച് സുകുമാരക്കുറുപ്പിന്റെ കേസ് ഫയലുകൾ വീണ്ടും തുറന്നത്. കൊലപാതകത്തിന് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാർഖണ്ഡിൽ നഴ്സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴിയാണ് ഇതിൽ നിർണായകമായത്. രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു കുറുപ്പ്. അന്ന് ഏകദേശം 40 വയസ്സുണ്ടായിരുന്ന കുറുപ്പ് ഹൃദ്രോഗിയായതിനാൽ പിന്നീട് ഇന്നുവരെയുള്ള 40 വർഷം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴും അവർക്ക് കുറുപ്പുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പിടികിട്ടാപ്പുള്ളി ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. മറ്റ് ചില വിവരങ്ങൾ കൂടി പരിശോധിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിനുശേഷമാകും കേസ് ഫയൽ എന്നെന്നേക്കുമായി അടയ്ക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Share Email
Top