തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സൈബർ ഹാക്കറുടെ ഇടപെടലുകൾ ഉൾപ്പെടെ നിലവിൽ ക്രൈംബ്രാഞ്ചിന്റെയും സൈബർ സെല്ലിന്റെയും നിരീക്ഷണത്തിലാണ്. അന്വേഷണത്തെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടാനും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ താറടിച്ചുകാണിക്കാനും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
സുകുമാര കുറുപ്പിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളെയും അതിനുപിന്നിലെ നീക്കങ്ങളെയും കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബ്രൂണെയിൽ കണ്ടെത്തിയതായി പ്രചരിച്ച ചിത്രവും വിവരങ്ങളും തൃശൂർ സ്വദേശിയായ മറ്റൊരു വ്യക്തിയുടേതാണെന്ന് രഹസ്യാന്വേഷണ വിഭാഗം ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാജ വാർത്ത നൽകിയതിന് പിന്നിൽ പ്രവർത്തിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വാർത്തകളിലെ ദുരൂഹത നീങ്ങുകയും പ്രചരിച്ച ചിത്രത്തിലുള്ളത് സുകുമാര കുറുപ്പല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ വിലയിരുത്തൽ. ഇന്റർപോളിന് ഔദ്യോഗികമായി കത്തയക്കാനുള്ള നീക്കം ഉപേക്ഷിച്ച ക്രൈംബ്രാഞ്ച്, സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

















