swayamvara
pulimoottil

ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍

ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹയാ മെത്രാനായി പ്രോ-പ്രോട്ടോ സിഞ്ചെലുസ് ഫാ. തോമസ് ആനിമൂട്ടിലിനെ (64) മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. ആഗസ്റ്റ് 17ന് ആരംഭിച്ച സീറോ മലബാർ സഭയുടെ 34-ാം മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ വച്ചാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോടെപ്പം ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും നിയമന ഉത്തരവ് വായിച്ചു. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് , സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, മറ്റ് സിനഡ് പിതാക്കൻമാർ എന്നിവർ പുതിയ ബിഷപ്പിനെ അനുമോദിച്ചു. മാർ റാഫേൽ തട്ടിലും മാർ മാത്യു മൂലക്കാട്ടും ചേർന്ന് സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു

1962 ജനുവരി 13 ന് ജനിച്ച ഫാ. തോമസ്, പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ജൂൺ 24 നു കോട്ടയം രൂപത മൈനർ സെമിനാരിയിൽ ചേർന്ന് വൈദികപരിശീലനം ആരംഭിച്ചു. തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ് മേജർ സെമിനാരിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം 1989 ഏപ്രിൽ 13-ന് മാർ കുര്യാക്കോസ് കുന്നശേരി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പുളിഞ്ഞാൽ പള്ളി വികാർ ഇൻചാർജായി നിയമിക്കപ്പെട്ടു. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽനിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടി. പിന്നീട് മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ പേഴ്‌സണൽ സെക്രട്ടറിയായും ചാൻസിലറായും പ്രവർത്തിച്ചു. 1998-ൽ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടറായും മലബാർ റീജിയൻ പ്രൊക്കുറേറ്ററായും സേവനം ചെയ്ത ശേഷം 2002-ൽ അമേരിക്കയിലെ കാലിഫോണിയയിലുള്ള യു.സി.എൽ.എ യൂണിവേഴ്സിറ്റിയിൽനിന്നും ചാപ്ളയൻസിയിൽ ഡിപ്ളോമ സമ്പാദിച്ചു. ലോസാഞ്ചൽസ്, ന്യൂയോർക്ക്, ന്യൂജേഴ്സി എന്നീ ക്നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എൻ.എ സ്പിരിച്വൽ അഡ്വൈസറായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

2008-ൽ കാരിത്താസ് ആശുപത്രിയുടെ ഫിനാൻസ് ഡയറക്ടറായി ചാർജെടുത്തു. ആറുമാസത്തിനുശേഷം കാരിത്താസിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 10 വർഷം ഡയറക്ടറായി സേവനംചെയ്ത കാലയളവ് കാരിത്താസിന്റെ വളർച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടർന്ന് ഉഴവൂർ ഫൊറോന പള്ളിവികാരിയായി അഞ്ചു വർഷവും കടുത്തുരുത്തി ഫൊറോന പള്ളി വികാരിയായി ഒൻപതുമാസവും സേവനമനുഷ്ഠിച്ചു.2025 ഫെബ്രുവരി മുതൽ അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെലുസായി പ്രവർത്തിച്ചുവരികയാണ്. അതിരൂപത വിവാഹ കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ധന്യൻ മാർ മാക്കിൽ പിതാവിൻറെയും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റേയും പ്രമോട്ടർ ഓഫ് ജസ്റ്റീസായും പ്രവർത്തിക്കുന്നു. 9 വർഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ്. പയ്യാവൂർ ടൗൺ പള്ളി ഇടവക ആനിമൂട്ടിൽ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഏലിയാമ്മ പുന്നച്ചൻ പുന്നോടത്ത് (റിട്ട. അധ്യാപി ക), ചാക്കോ തിരൂർ, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേൽ (വാതിൽമട).

Share Email
Top