വാഷിംഗ്ടണ്‍: വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ഭേദഗതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ക്ക് മറുപടിയുമായി ഇന്ത്യ. ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത് വിദേശ ഫണ്ട് തടയുകയോ നിയമാനുസൃതമായി പ്രവര്‍ത്തി ക്കുന്ന സന്നദ്ധ സംഘടനകളെ നിയന്ത്രിക്കുകയോ അല്ലെന്നു അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര വ്യക്തമാക്കി.
ഭേദഗതിയുടെ ലക്ഷ്യമെന്നും കൂടുതല്‍ സുതാര്യതയും നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുക എന്നതുമാണെന്നു ക്വാത്ര എക്‌സില്‍ പങ്കുവച്ച കുറിപ്പുകളിലാണ് വ്യക്തമാക്കിയത്. വിദേശ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കു ന്നത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്തെ നിരവധി ജനാധിപത്യ രാജ്യങ്ങളില്‍ നിലവിലുള്ള സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. 1976ല്‍ നിലവില്‍ വന്ന FCRA 2010ല്‍ പരിഷ്‌കരിക്കുകയും 2016, 2018, 2020 വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യുകയും ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശ സംഭാവന സ്വീകരിക്കുന്നത് നിയമം നിരോധിക്കുന്നില്ലെന്നും FCRA രജിസ്‌ട്രേഷനുള്ള ആയിരക്കണക്കിന് സംഘടനകള്‍ ആരോഗ്യ, വിദ്യാഭ്യാസം, ദുരന്തനിവാരണം, ഗവേഷണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിദേശ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും ക്വാത്ര പറഞ്ഞു. ഇന്ത്യയിലെ 30 ലക്ഷത്തിലധികം എന്‍ജിഒകളില്‍ 14,450 സംഘടനകള്‍ക്ക് മാത്രമാണ് FCRA രജിസ്‌ട്രേഷനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
FCRA രജിസ്‌ട്രേഷന്‍ റദ്ദാക്കിയാല്‍ സംഘടനകളുടെ ആസ്തികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും ക്വാത്ര തള്ളി. രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ വിദേശ ഫണ്ടും അതുപയോഗിച്ച് സൃഷ്ടിച്ച ആസ്തികളും സര്‍ക്കാര്‍ നിയന്ത്രണ ത്തിലാകുന്ന വ്യവസ്ഥ 2010 മുതല്‍ നിലവിലുണ്ട്. 2026ലെ ബില്‍ ആസ്തികള്‍ സംരക്ഷിക്കുന്നതിനായി ഒരു ‘നിയുക്ത അതോറിറ്റി’ രൂപീകരിക്കാനും രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചാല്‍ ആസ്തികളും ഉപയോഗി ക്കാത്ത ഫണ്ടും തിരികെ നല്‍കാനും വ്യവസ്ഥ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം ഏതെങ്കിലും പ്രത്യേക മതത്തെയോ സമൂഹത്തെയോ ലക്ഷ്യമിടുന്നില്ലെന്നും എല്ലാ സംഘടനകള്‍ക്കും ഒരുപോലെ ബാധകമാ ണെന്നും ക്വാത്ര വ്യക്തമാക്കി. ആരാധനാ ലയങ്ങള്‍, മതജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മതവിദ്യാഭ്യാസം തുടങ്ങിയവയ്ക്കും നിയമാനുസൃതമായി വിദേശ ഫണ്ട് സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലും വിദേശ ഫണ്ട് നിയന്ത്രിക്കുന്ന സമാന നിയമങ്ങളുണ്ടെന്നും ക്വാത്ര ചൂണ്ടിക്കാട്ടി.
അതേസമയം, എഫ്‌സിആര്‍എ ഭേദഗതിക്കെതിരെ യുഎസിലെ ചില ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. പള്ളികളെയും മതജീവകാരുണ്യ സംഘടനകളെയും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഭേദഗതി വഴിയൊരുക്കുമെന്ന് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം റൈലി മൂര്‍ ആരോപിച്ചു. എന്നാല്‍ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. വിദേശ ഫണ്ട് നിയന്ത്രിക്കുന്ന നിയമങ്ങള്‍ അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Foreign Contribution Regulation Bill: India responds to US criticism.

















